Skip to main content
ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഉപസമിതികള്‍ തയാറാക്കിയ റിപ്പോട്ടുകള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍  ആര്‍.ഗിരിജ സംസാരിക്കുന്നു.

സമഗ്ര ജില്ലാ പദ്ധതി തയാറാക്കണം: ജില്ലാ കളക്ടര്‍

ജില്ലയുടെ നിലവിലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്നതും അടുത്ത അഞ്ചുവര്‍ഷ വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടുമുള്ള സമഗ്ര ജില്ലാ പദ്ധതി തയാറാക്കണമെന്ന് ജില്ലാ കളക്ടര്‍  ആര്‍. ഗിരിജ പറഞ്ഞു. വിവിധ ഉപസമിതികള്‍ തയാറാക്കിയ റിപ്പോട്ടുകള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും പദ്ധതി വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര വികസന കാഴ്ചപ്പാട് അടങ്ങുന്ന രേഖയായിരിക്കും രൂപീകരിക്കുന്ന ജില്ലാ പദ്ധതി. പദ്ധതി തയാറാക്കുന്നതിന് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശം പാലിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥര്‍  ശ്രദ്ധിക്കണം. ന്യൂനതകള്‍ കണ്ടെത്തുന്ന പദ്ധതികള്‍ പരിഷ്കരിച്ച് സമയബന്ധിതമായി പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു. 
    19 ഉപസമിതികള്‍ തയാറാക്കിയ പദ്ധതികള്‍ യോഗം വിലയിരുത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പദ്ധതികള്‍ തയാറാക്കുന്നതിനുള്ള ഉപസമിതികളുടെ ഏകോപകരായ ജില്ലാതല ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ പവര്‍പോയിന്‍റ് പ്രസന്‍റേഷനായി യോഗത്തില്‍  അവതരിപ്പിച്ചു. നവകേരള മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കാവുന്ന പദ്ധതികള്‍ ജില്ലാ പദ്ധതിയില്‍ ഏകോപിപ്പിക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. 
    ജില്ലാ ആസൂത്രണ സമിതിയംഗങ്ങളായ അഡ്വ.ആര്‍.ബി. രാജീവ് കുമാര്‍, ലീലാ മോഹന്‍, വിനീത അനില്‍, കെ.ജി. അനിത, ബി. സതികുമാരി,  ഡിപിസി സര്‍ക്കാര്‍ പ്രതിനിധി അഡ്വ.എന്‍.രാജീവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍  വി.ആര്‍. മുരളീധരന്‍ നായര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ.വാസു, എസ്.ആര്‍.ജി അംഗം കെ.എം.എബ്രഹാം, വിവിധ ഉപസമിതികളുടെ അനൗദ്യോഗിക അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                                      (പിഎന്‍പി 3677/17)    

date