Skip to main content
125 കോടി രൂപയുടെ വാര്‍ഷിക പദ്ധതികളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം

125 കോടി രൂപയുടെ വാര്‍ഷിക പദ്ധതികളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം

 

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീര വികസന മേഖലകളിലെ ഉല്‍പാദന വര്‍ധനവ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി 125 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്കു രൂപം നല്‍കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഗ്രാമസഭയില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് 2026 - 27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭാ യോഗം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. 

സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ സേവന നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. വിവിധ മിഷനുകളുടെ സമയബന്ധിതമായ ആസൂത്രണവും നടത്തിപ്പും ഉറപ്പുവരുത്താനും പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജില്ലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഗ്രാമസഭ തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. വികസന കാഴ്ചപ്പാടുകളും ചര്‍ച്ചകള്‍ക്കുള്ള നിര്‍ദേശങ്ങളും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. സിവില്‍ സര്‍വീസ് മീറ്റില്‍ യോഗയില്‍ സ്വര്‍ണ മെഡല്‍ നേടിയ സി.വി അഖിലേഷ്, പി.കെ ദീപേഷ് കുമാര്‍, എ.കെ രതീഷ്, ആനന്ത കൃഷ്ണന്‍ എന്നിവര്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ട്രോഫി കൈമാറി.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രജനി മോഹന്‍, പി രവീന്ദ്രന്‍, ബോബി എണ്ണചേരിയില്‍, ജില്ലാപഞ്ചായത്ത് അംഗം ജോര്‍ജ് ജോസഫ്, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, വൈസ് ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.വി മുകുന്ദന്‍, ജില്ലാപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 

date