Skip to main content
തലശ്ശേരി മണ്ഡലത്തിലെ നാല് റോഡുകൾ നാടിന് സമർപ്പിച്ചു

തലശ്ശേരി മണ്ഡലത്തിലെ നാല് റോഡുകൾ നാടിന് സമർപ്പിച്ചു

 

തലശ്ശേരി നിയോജക മണ്ഡലത്തിലെ നവീകരിച്ച കക്കറ കൂരാറ റോഡ്, മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡ്, റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ്, എരഞ്ഞോളി പാലം കുഴിപ്പങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചുണ്ടങ്ങാപ്പൊയിൽ രണതാര ഗൗണ്ടിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥിയായി.

നബാർഡ് വഴി നടപ്പിലാക്കിയ പദ്ധതി അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് പൂർത്തികരിച്ചത്. മാക്കുനി പൊന്ന്യംപാലം ബൈപ്പാസ് റോഡിൽ കരിയേജ് വേ ലെയറുകളുപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ്  നിർമ്മിച്ചു. എരഞ്ഞോളിപ്പാലത്തിൽ നിന്നും റെയിൽവേ സ്റ്റേഷൻ വരെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡിൽ ലെയറുകൾ ഉപയോഗിച്ചും വീതികുറഞ്ഞ ഭാഗത്ത് ഇന്റർലോക്ക് ഇട്ടും ഡ്രൈനേജിന് മുകളിൽ വണ്ടികയറാൻ പാകത്തിൽ സ്ലാബ് നിർമ്മിച്ചും വീതികൂട്ടി. കക്കറ കൂരാറ മാക്കൂൽപീടിക റോഡിന്റെ ഉപരിതലം 5.50 മീറ്റർ ആയി ലെയറുകളുപയോഗിച്ച് അരികൂവശത്തു കൂടെ വെള്ളം ഒഴുകിപ്പോകുന്നതിനായി ഷോൾഡർ കോൺക്രീറ്റ് നടത്തി ബലപ്പെടുത്തുകയും ചെയ്തു. തലശ്ശേരി ബസ് സ്റ്റാൻഡിനെയും റെയിൽവേ സ്റ്റേഷനെയും ആശുപത്രിയെയും ബന്ധിപ്പിക്കുന്ന സങ്കമം ജംക്ഷനിൽ നിന്നും റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിലേക്കുള്ള ഭാഗം ഇന്റർലോക്ക് പാകി. ഇതോടൊപ്പം കാൽനടയാത്രക്കാർക്ക് കൈവരിയോട് കൂടിയ നടപ്പാതയും പ്രവൃത്തിയിൽ ഉൾപ്പെടുത്തി.

കണ്ണൂർ റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി സുജയ, വൈസ് പ്രസിഡന്റ്‌ കെ വി പവിത്രൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി വി കരുണൻ, പഞ്ചായത്തംഗം എ സജേഷ്, രാഷ്ട്രീയ പ്രതിനിധികളായ  പ്രേമരാജൻ മാസ്റ്റർ, കെ ദിപിൻ, ബഷീർ ചെറിയണ്ടി, പൊന്ന്യം ചന്ദ്രൻ, സത്യലാൽ എന്നിവർ പങ്കെടുത്തു.

date