Skip to main content
സംസ്ഥാന തദ്ദേശദിനാഘോഷം; സെമിനാർ

സംസ്ഥാന തദ്ദേശദിനാഘോഷം; സെമിനാർ

 

കേരളത്തിന്റെ പ്രാദേശിക ഭരണ നിർവ്വഹണത്തിന് ശക്തമായ വിജ്ഞാന ശൃംഖല വേണം - ഡോ. കെ ദിനേശൻ

പ്രാദേശികതലം മുതലുള്ള ഭരണത്തിന്റെ പിന്തുണയ്ക്കായി ഗ്രന്ഥശാലാ കേന്ദ്രീകൃതമായ വിജ്ഞാന ശൃംഖല ആവിശ്യമാണെന്നും അത് നാടിന്റെ പ്രധാന വികസന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും കണ്ണൂർ സർവ്വകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം മുൻ.ഡയറക്ടർ  ഡോ. കെ ദിനേശൻ പറഞ്ഞു. 

കേരള സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക സർക്കാരുകളുടെ വിജ്ഞാന സാംസ്‌കാരിക നയപരിപാടികളും ലൈബ്രറികളും എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഗവ.എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിലെ ഹാപ്പിനസ് ഫെസ്റ്റ് വേദിയിൽ നടത്തിയ സെമിനാറിൽ  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ വാർഡുകളിലും ലൈബ്രറികൾ പ്രാവർത്തികമാക്കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ വളർത്തിയെടുക്കണമെന്നും അതിനെ നവകേരളം എന്ന ആശയത്തിന്റെ അടിത്തറയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ രമേഷ് കുമാർ അധ്യക്ഷനായി. എഴുത്തുകാരനും മുൻ സാഹിത്യ അക്കാദമി അംഗവുമായ ടി.പി വേണുഗോപാൽ മോഡറേറ്ററായി.

'കണ്ണൂർ ജില്ലയിലെ ലൈബ്രറി വ്യാപനം' എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ ക്ലാസെടുത്തു. വിജ്ഞാന സമൂഹ നിർമ്മിതിയും  തദ്ദേശസ്വയംഭരണ ലൈബ്രറി സംവിധാനവും' എന്ന വിഷയത്തിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ്‌ മാത്യുവും 'വായനയാനം പരിപാടി' വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി വി നാരായണൻ മാസ്റ്ററും വിഷയങ്ങൾ അവതരിപ്പിച്ചു. 'പ്രാദേശിക ഭരണം: ജനസമ്പർക്കവും പങ്കാളിത്ത ആശയവിനിമയവും ഗ്രാമീണ ലൈബ്രറികളിലൂടെ' എന്ന വിഷയങ്ങളെ ആസ്പദമാക്കി കേരള സർവകലാശാല ഗവേഷക കെ കെ റിഷ്ണ സെമിനാർ അവതരിപ്പിച്ചു. തുടർന്ന് സദസുമായി  ചർച്ചയും നടന്നു. 

ഉത്തരവാദിത്ത ടൂറിസവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ദ്രവമാലിന്യ സംസ്കരണം, പ്രാദേശിക സാമ്പത്തിക വികസനവും, പ്രാദേശിക സർക്കാരും തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വരും ദിവസങ്ങളിൽ സെമിനാറുകൾ നടക്കും

date