അറിവിന്റെയും നവീകരണത്തിന്റെയും പുതിയ കേരളം: വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് - മന്ത്രി വി. ശിവൻകുട്ടി
അറിവിന്റെയും നവീകരണത്തിന്റെയും പുതിയൊരു പ്രഭാതത്തിലേക്ക് കേരളത്തെ നയിക്കുകയാണെന്നും 2031-ഓടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലുള്ള വൈജ്ഞാനിക ഹബ്ബായി മാറുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 സെമിനാറിന്റെ ഭാഗമായി നടന്ന ''വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ'' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ ഇപ്പോൾ വലിയ ലക്ഷ്യങ്ങളിലേക്കാണ് നീങ്ങുന്നത്. പരീക്ഷാ വിജയങ്ങളിൽ ഒതുങ്ങാതെ അന്താരാഷ്ട്ര നിലവാരമുള്ള നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2026-27ഓടെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലാകെ സബ്ജക്ട് മിനിമം പദ്ധതി പൂർണ്ണതയിലെത്തും. ഓരോ കുട്ടിയും ഓരോ വിഷയത്തിലും നിശ്ചിത നിലവാരം കൈവരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ വിദ്യാലയങ്ങളിൽ 'തോൽവി' എന്ന വാക്ക് ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് കൈവരിച്ചത്. 2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബുകൾ സ്ഥാപിച്ചതും ലിറ്റിൽ കൈറ്റ്‌സ് വഴി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കൂട്ടായ്മകളിലൊന്നായി വിദ്യാർഥികളെ വളർത്തിയെടുത്തതും അതിന്റെ ഉദാഹരണങ്ങളാണ്. 2031-ഓടെ നിർമ്മിത ബുദ്ധിയും ഡാറ്റാ അനലിറ്റിക്‌സും പ്രയോജനപ്പെടുത്തി ഓരോ കുട്ടിയുടെയും പഠന പുരോഗതി വിലയിരുത്തുന്ന സംവിധാനങ്ങൾ കൂടുതൽ വിപുലമാകും. STREAM ഹബ്ബുകൾ വഴി വിദ്യാർഥികൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഗവേഷണങ്ങളിൽ പങ്കാളികളാകും.
ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയായിട്ടുണ്ട്. ഇൻക്ലൂസീവ് സ്‌പോർട്‌സ് മാനുവൽ, വൈറ്റ് ബോർഡ് വീഡിയോ ക്ലാസുകൾ, 1486 സ്‌പെഷ്യൽ കെയർ സെന്ററുകൾ എന്നിവ ഇതിനുള്ള തെളിവാണ്. 2031-ഓടെ 'ബാക്ക് ബഞ്ചേഴ്‌സ്' അഥവാ 'ആരും പിന്നിലാകാത്ത' ക്ലാസ് മുറികൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി വഴി 629 സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കി. 300-ലധികം സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. 1200-ലധികം പ്രീ-പ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന 'വർണ്ണക്കൂടാരം' പദ്ധതി വിജയകരമായി നടപ്പിലാക്കി. 2021 മെയ് മാസത്തിന് ശേഷം സർക്കാർ-എയ്ഡഡ് മേഖലകളിലായി 30,564 അധ്യാപക നിയമനങ്ങൾ നടത്തി.
അധ്യാപക പരിശീലനവും കെ ടെറ്റ് യോഗ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ആരംഭിച്ച 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകൾ ചരിത്രപരമായ ഇടപെടലായിരുന്നു.
വിഷൻ 2031 ലക്ഷ്യമാക്കി ശാസ്ത്രീയ പ്രീസ്‌കൂളിംഗ് സംവിധാനം വികസിപ്പിക്കൽ, അധ്യാപകരുടെ പ്രൊഫഷണൽ വികസനം ശക്തമാക്കൽ, ഗോത്ര-തീരദേശ മേഖലകളിലെ കുട്ടികൾക്കും അതിഥി തൊഴിലാളികളുടെ മക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കൽ എന്നിവയ്ക്ക് കൂടുതൽ മുൻഗണന നൽകും. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും ആരോഗ്യവും കായികക്ഷമതയും ഉൾക്കൊള്ളുന്ന രീതിയിൽ കരിക്കുലം നവീകരിക്കുമെന്നും വിദ്യാഭ്യാസ ആസൂത്രണത്തിൽ ഡാറ്റാ അധിഷ്ഠിത സമീപനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പരിപാടിയിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. അനിൽ കുമാർ ബി. എം സ്വാഗതമാശംസിച്ചു. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ അംഗ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ മോഡറേറ്ററായി. ഫിൻലൻഡ് ഹെൽസിങ്കി സർവകലാശാലയിലെ ഡോ. ജോന്ന കംഗാസ്, യുനിസെഫിന്റെ അന്താരാഷ്ട്ര മാനവ വിഭവശേഷി കേന്ദ്രം മുൻ ഡയറക്ടർ ഡോ. എ. കെ. ശിവകുമാർ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രൊഫ. സോനജ്ഹാരിയ മിൻസ്, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, വിക്യാകിരണം പദ്ധതി കോർഡിനേറ്റർ ഡോ. സി. രാമകൃഷ്ണൻ, തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഫോർ വുമൺ അസിസ്റ്റന്റ് പ്രൊഫ. ഡോ. രതീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, തൊഴിലും നൈപുണ്യവും വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ് എന്നിവർ സെഷനുകളുടെ സംഗ്രഹം അവതരിപ്പിച്ചു.
വിദ്യാഭ്യാസ മേഖലകളിലെ ഏകോപനവും നവീകരണ ചിന്തകളും സംസ്ഥാനത്തിന്റെ വിജ്ഞാനാധിഷ്ഠിത വികസന ലക്ഷ്യങ്ങൾക്ക് കരുത്തേകുമെന്ന് പരിപാടിയിൽ വിലയിരുത്തപ്പെട്ടു. വിവിധ മേഖലകളിലെ വിദഗ്ധരുടെ സജീവ പങ്കാളിത്തം കൊണ്ട് സെമിനാർ ശ്രദ്ധേയമായി.
പി.എൻ.എക്സ്. 698/2026
- Log in to post comments