Skip to main content

മാറുന്ന കേരളത്തിന് കിഫ്ബി മാതൃക അനിവാര്യം : ഡോ. ടി എം തോമസ് ഐസക്

കേരളത്തിന്റെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതിനനുസരിച്ചുള്ള വികസന മാതൃകയാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി 'ജനങ്ങളുടെ വികസനത്തിനുള്ള ധനസമാഹരണംഎന്ന വിഷയത്തിൽ ലെമൺ ട്രീ ഹോട്ടലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1973-ൽ 59 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യം നിലവിൽ കുറഞ്ഞു. മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരും. അതിനാൽ പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികൾ തുടരുന്നതിനൊപ്പം തന്നെമധ്യവർഗ്ഗത്തിന് ആവശ്യമായ ഗുണമേന്മയുള്ള തൊഴിലവസരങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

ക്ഷേമപദ്ധതികൾക്കുള്ള ചെലവ് കുറയ്ക്കാൻ സാധിക്കാത്തതിനാൽപശ്ചാത്തല വികസനത്തിന് പണം കണ്ടെത്താനാണ് ബജറ്റിന് പുറത്തുനിന്നുള്ള ധനസമാഹരണ മാർഗ്ഗമായ കിഫ്ബി (KIIFB) നടപ്പിലാക്കിയത്. സർക്കാർ നൽകുന്ന ഗ്യാരണ്ടിയിലൂടെ ഭാവിയിലെ വരുമാനം ഉപയോഗിച്ച് ഇപ്പോൾ തന്നെ വൻകിട പദ്ധതികൾ നടപ്പിലാക്കാൻ ഇതിലൂടെ സാധിച്ചു. ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി വഴി സമാഹരിക്കാനും ജനപിന്തുണ നേടാനും കഴിഞ്ഞുവെന്ന് മുൻ മന്ത്രി പറഞ്ഞു.

നികുതി ചോർച്ച തടയാൻ നിർമിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വാഹന പരിശോധനകൾ ഇല്ലാതെ തന്നെ ചരക്ക് നീക്കം നിരീക്ഷിക്കണം. 10 വർഷം കൊണ്ടല്ല50 വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന ദീർഘകാല സാമ്പത്തിക മാതൃകകളാണ് സംസ്ഥാനത്തിന് ആവശ്യം. പലിശ നിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് ഉള്ളിടത്തോളം കാലം കടം ഒരു ബാധ്യതയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.എൻ.എക്സ്. 701/2026

date