Skip to main content

വാമനപുരത്ത് ആയുർവേദ–സിദ്ധ ആരോഗ്യ ബോധവത്ക്കരണ ക്യാമ്പുകൾക്ക് തുടക്കം

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ലക്ഷ്യമിട്ട് വാമനപുരം നിയോജക മണ്ഡലത്തിൽ ആയുർവേദ–സിദ്ധ ആരോഗ്യ ബോധവത്ക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ക്യാമ്പുകളുടെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു.

ആരോഗ്യ സംരക്ഷണവും ആരോഗ്യബോധവത്ക്കരണവും സമൂഹത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമാണെന്നും രോഗത്തിന് ചികിത്സ തേടുന്നതിന് പകരം, രോഗം വരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് ഉചിതമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി യോഗ ഡാൻസും യോഗ പരിശീലനവും സംഘടിപ്പിച്ചു. സൗജന്യ രക്തപരിശോധന, കാഴ്ച പരിശോധന, നേത്രരോഗ വിഭാഗത്തിന്റെ സേവനങ്ങൾ എന്നിവയും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീനിംഗ് ക്യാമ്പുകളും നടന്നു.

സ്ത്രീരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ പി.സി.ഒ.ഡി, മെനോപോസ്, ക്യാൻസർ സ്ക്രീനിംഗ് ക്ലിനിക്കുകൾ എന്നിവ നടത്തി. മാനസികാരോഗ്യ വിഭാഗത്തിന് കീഴിൽ ഇൻസോമ്നിയ (ഉറക്കക്കുറവ്) ക്ലിനിക്, സ്ട്രെസ് ക്ലിനിക്, കുട്ടികളുടെ പരീക്ഷാഭീതി അകറ്റുന്നതിനുള്ള കൗൺസിലിംഗ് എന്നിവയും ഒരുക്കിയിരുന്നു. ത്വക്ക് രോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ത്വക്ക് രോഗങ്ങൾക്കായുള്ള സ്ക്രീനിംഗും കോസ്മെറ്റോളജി സേവനങ്ങളും ലഭ്യമാക്കി.

ആനാട് സമഗ്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വേങ്കവിള സജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെ യഹിയ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വൈജു കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു കുമാർ എന്നിവർ പങ്കെടുത്തു.

date