സർക്കാർ സേവനങ്ങൾ സ്മാർട്ടും സുതാര്യവുമാക്കി കേരളം ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്: മന്ത്രി കെ രാജൻ
*ജില്ലയിൽ ഇതുവരെ 34 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി.
സർക്കാർ സേവനങ്ങൾ സ്മാർട്ടും സുതാര്യവുമാക്കി കേരളം ലോകത്തെ അത്ഭുതപ്പെടുത്തുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. നിർമ്മാണം പൂർത്തിയായ കലവൂർ, കോമളപുരം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പ് വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ജനസൗഹൃദവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കാൻ വില്ലേജ് ഓഫീസുകളിൽ ജനകീയ സമിതികൾ രൂപീകരിക്കുകയും 21 ഓളം സേവനങ്ങൾ ഓൺലൈനാക്കി മാറ്റുകയും ചെയ്തു. ലോകത്തെവിടെയിരുന്നും സ്വന്തം ഭൂമി സംരക്ഷിക്കാൻ പ്രവാസികൾക്ക് പോലും സാധിക്കുന്ന വിധത്തിൽ റവന്യൂ പോർട്ടലുകൾ സജ്ജമായിക്കഴിഞ്ഞു. ഇതിന്റെ അടുത്ത ഘട്ടമായി, ബാങ്ക് വായ്പകൾക്കും മറ്റും രേഖകൾക്കായി അലയുന്നത് ഒഴിവാക്കാൻ ചിപ്പ് ഘടിപ്പിച്ച 'റവന്യൂ കാർഡ്' ഫെബ്രുവരി 24-ന് പുറത്തിറക്കും. കൂടാതെ, ഓരോ കേരളീയന്റെയും സ്വത്വം ഉറപ്പാക്കുന്ന 'നേറ്റിവിറ്റി കാർഡിനുള്ള' നിയമനിർമ്മാണ നടപടികളും സർക്കാർ നടത്തി വരികയാണ്. ഇങ്ങനെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളോടെ ഈ സർക്കാറും റവന്യൂ വകുപ്പും മുന്നേറുകയാണ്.
ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 'പട്ടയ മിഷൻ', 'പട്ടയ അസംബ്ലി' തുടങ്ങിയ വിപ്ലവകരമായ പദ്ധതികളിലൂടെ നാലര ലക്ഷത്തോളം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ സർക്കാരിന് സാധിച്ചു. ലൈഫ് പദ്ധതിയിലൂടെ അഞ്ചേകാൽ ലക്ഷം വീടുകൾ പൂർത്തിയാക്കിയതും ഡിജിറ്റൽ റീ-സർവ്വേയിലൂടെ ഭൂമി അളന്നു തിട്ടപ്പെടുത്തിയതും വലിയ നേട്ടങ്ങളാണ്. ദുരന്തമുഖങ്ങളിൽ തളരാതെ വയനാട് ചൂരൽമലയിലെ പുനരധിവാസം ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുകയാണ്. ചൂരൽമലയിലെ ദുരന്തബാധിതരുടെ വീടുകളുടെ ആദ്യ ഘട്ടം ഏറ്റവും ചുരുങ്ങിയ സമയത്ത് നാടിന് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ പി. പി ചിത്തരഞ്ജൻ എം. എൽ. എ അധ്യക്ഷനായി. അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുള്ള മണ്ഡലമെന്ന നിലയിലേക്ക് ആലപ്പുഴ മാറിയത് വലിയൊരു നേട്ടമാണെന്ന് എം എൽ എ പറഞ്ഞു. വരും ദിവസങ്ങളിൽ പാതിരപ്പള്ളി വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും മുല്ലക്കൽ വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതോടെ മണ്ഡലത്തിൽ റവന്യൂ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാകും. വില്ലേജ് ഓഫീസുകളെ കേവലം സർക്കാർ ഓഫീസുകൾ എന്നതിലുപരി ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്മാർട്ട് ഓഫീസുകൾ വരുന്നത്. വികസനത്തിന്റെ കാര്യത്തിൽ എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള കുതിപ്പാണ് മണ്ഡലത്തിൽ നടക്കുന്നത്. ഏകദേശം 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ കാലയളവിൽ ആലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കാൻ നമുക്ക് സാധിച്ചു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി 300 കോടിയുടെ പദ്ധതി, തീരദേശത്തിനായുള്ള ചെട്ടികാട് ആശുപത്രി, ചെത്തി ഹാർബർ, നിരവധി പാലങ്ങൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, സ്കൂളുകളുടെ നവീകരണം എന്നിങ്ങനെ വലിയ മാറ്റങ്ങളാണ് മണ്ഡലത്തിൽ ഉണ്ടായത്. തീരദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമായ പട്ടയ വിതരണത്തിൽ വലിയ ഇടപെടലുകൾ നടത്താനും ഈ സർക്കാരിന് കഴിഞ്ഞെന്നും എം എൽ എ പറഞ്ഞു.
കലവൂർ വില്ലേജ് ഓഫീസിന് സമീപത്തും കൈതത്തിൽ ക്ഷേത്രം പരിസരത്തും സംഘടിപ്പിച്ച പ്രാദേശിക പരിപാടികളിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. വി രാജേഷ്, ശാലു രമേശൻ, അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് കലവൂർ, കോമളപുരം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്. കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. റീബിൽഡ് കേരള, പ്ലാൻ ഫണ്ട്, കേന്ദ്ര പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി ഇതുവരെ ജില്ലയിൽ ആകെ 55 വില്ലേജ് ഓഫീസ് കെട്ടിടങ്ങൾക്ക് അനുമതി ലഭിക്കുകയുണ്ടായി. ഇതിൽ റീബിൽഡ് കേരള പദ്ധതിയിൽ അനുമതി ലഭിച്ച 14 സ്മാർട്ട് വില്ലേജ് ഓഫീസുകളും നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 2025-2026 വരെ ജില്ലയിൽ ഭരണാനുമതി ലഭിച്ച 36 സ്മാർട്ട് വില്ലേജ് കെട്ടിടങ്ങളിൽ 20 എണ്ണം പണി പൂർത്തീകരിച്ച് ഇതിനകം ഉദ്ഘാടനം ചെയ്തു. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച മറ്റ് 12 വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 5 സ്മാർട്ട് വില്ലേജ് ഓഫീസുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട് അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.
സേവനങ്ങൾ ഇനി സ്മാർട്ട്
പഴയ വില്ലേജ് ഓഫീസുകളെ അടിമുടി പരിഷ്കരിച്ച് ജനസൗഹൃദമാക്കുന്ന രീതിയിലാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം. പഴയ രീതിയിലുള്ള കെട്ടിടങ്ങൾക്ക് പകരം എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടങ്ങളും പൊതുജനങ്ങൾക്ക് പരാതികളും അപേക്ഷകളും എളുപ്പത്തിൽ സമർപ്പിക്കാൻ സഹായിക്കുന്ന ഫ്രണ്ട് ഓഫീസ് സംവിധാനവും ഇവിടെയുണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങൾ, മികച്ച ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ നിർമ്മാണം, ഇ-ഓഫീസ്, ഓൺലൈനായി പണം അടക്കാനുള്ള സംവിധാനങ്ങൾ, ഉദ്യോഗസ്ഥർക്ക് പ്രത്യേകം മുറികൾ, കോൺഫറൻസ് ഹാൾ, റെക്കോർഡ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഈ സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഒരുക്കിയിട്ടുണ്ട്.
- Log in to post comments