Skip to main content
കണ്ണൂര്‍ സര്‍വ്വകലാശാല മങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ മോഡല്‍ കരിയര്‍ സെന്റര്‍ തുറന്നു 

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി 

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങളെ കാലാനുസൃതമായി പരിഷ്‌കരിച്ച് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമവും സുതാര്യമായ സേവനങ്ങള്‍ ലഭ്യമാക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍നൈപുണ്യ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മോഡല്‍ കരിയര്‍ സെന്ററും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ യുവാക്കളെ പ്രാപ്തമാക്കുക എന്നത് അത്യന്താപേക്ഷിതമാണ്.  ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മങ്ങാട്ടു പറമ്പ് ക്യാമ്പസില്‍ കോഴിക്കോട്ട് മേഖലയിലെ ആദ്യത്തെ മോഡല്‍ കരിയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കേവലമൊരു ജോലി കണ്ടെത്തുക എന്നതിലുപരി വ്യക്തമായ തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കുക, അര്‍ഹമായ തൊഴില്‍ അവസരങ്ങള്‍ക്ക് കൃത്യമായി ഉദ്യോഗാര്‍ഥികളില്‍ എത്തിക്കുക എന്നതാണ് സെന്റര്‍ വിഭാവനം ചെയ്യുന്നത്. ഇതുവഴി മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും സഹായിക്കും. യുജനങ്ങളുടെ കഴിവുകളെ നാടിന്റെ ഉല്‍പാദന ക്ഷമതക്കായി ഉപയോഗിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. 

എം.വിജിന്‍ എം.എല്‍.എ അധ്യക്ഷനായി. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.കെ.കെ.സാജു മുഖ്യാതിഥിയായി. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഡോ. ഓമന പങ്കന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.വി.പവിത്രന്‍, കല്യാശ്ശേരി  ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി രേണുക, ഗ്രാമപഞ്ചായത്ത് അംഗം വി.സി. പത്മനാഭന്‍, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യ, കോഴിക്കോട് മേഖല എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സോണിയ, സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ വി.ബി. രാജേഷ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മങ്ങാട്ട് പറമ്പ് ക്യാമ്പസ് ഡയറക്ടര്‍ ജോണ്‍സണ്‍ അലക്‌സ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.വി ശര്‍മിള എന്നിവര്‍ സംസാരിച്ചു. 

'വര്‍ക്ക് പ്ലേസ് സ്‌കില്‍സ് ഫോര്‍ കരിയര്‍ റേഡിയസ്', 'ഫ്യൂച്ചര്‍ പ്രൂഫ് എജുക്കേഷന്‍ 21 സെഞ്ച്വറി സ്‌കില്‍ പോളിസി ആന്‍ഡ് മെതേഡ്‌സ് ഇന്‍ ഹയര്‍ എജ്യൂക്കേഷന്‍' എന്നീ വിഷയങ്ങളില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മേരി വിനീത തോമസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

date