മൂന്നാമത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍; ഉദ്ഘാടന ചിത്രം ഇറ്റ് വോസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 ഫെബ്രുവരി 21 മുതല്‍ 23 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി ജാഫര്‍ പനാഹിയുടെ 'ഇറ്റ് വോസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്' പ്രദര്‍ശിപ്പിക്കും. ക്‌ളാസിക് തിയേറ്ററില്‍ വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷമാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
2025ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാംദോര്‍ ലഭിച്ച സിനിമയാണിത്. മികച്ച വിദേശഭാഷാ ചിത്രം, തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ഓസ്‌കര്‍ നോമിനേഷനുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ജാഫര്‍ പനാഹിയുടെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെ ഇറാനിലെ ഭരണകൂട പീഡനങ്ങളെയും സാമൂഹിക വ്യവസ്ഥയെയും വളരെ ശക്തമായും അതേസമയം രസകരമായ കറുത്ത ഹാസ്യത്തിലൂടെയുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ടെഹ്‌റാനിലെ ഒരു കാര്‍ മെക്കാനിക്കായ വാഹിദ്, തന്റെ ഗാരേജില്‍ എത്തിയ ഒരാളുടെ കൃത്രിമക്കാലിന്റെ ശബ്ദത്തില്‍ നിന്ന് അയാള്‍ പണ്ട് തന്നെ ജയിലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നു. അയാളെ തട്ടിക്കൊണ്ടുപോയി മരുഭൂമിയില്‍ ജീവനോടെ കുഴിച്ചുമൂടാന്‍ വാഹിദ് ശ്രമിക്കുന്നു. എന്നാല്‍, പിടിയിലായ ആള്‍ താന്‍ നിരപരാധിയാണെന്ന് വാദിക്കുന്നതോടെ വാഹിദിന് ആശയക്കുഴപ്പമുണ്ടാകുന്നു. തുടര്‍ന്ന് തന്റെ കൂടെ ജയിലില്‍ പീഡനം അനുഭവിച്ച മറ്റ് സുഹൃത്തുക്കളെയും വാഹിദ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു. 104 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
ക്‌ളാസിക്, ക്‌ളാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 34 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫിമെയ്ല്‍ ഫോക്കസ്, പലസ്തീന്‍ പാക്കേജ് എന്നീ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
- Log in to post comments