Skip to main content

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പലസ്തീന്‍ ചിത്രങ്ങള്‍ 

 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 ഫെബ്രുവരി 21 മുതല്‍ 23 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പലസ്തീനില്‍ നിന്നുള്ള രണ്ട്  ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നാസര്‍ സഹോദരന്മാര്‍ സംവിധാനം ചെയ്ത 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഗാസ', ആന്‍ മേരി ജാസിറിന്റെ 'പലസ്തീന്‍ 36' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ച 'വാജിബി'ന്റെ സംവിധായികയാണ് ആന്‍ മേരി ജാസിര്‍.

2025ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ടാര്‍സന്‍ നാസര്‍, അറബ് നാസര്‍ എന്നിവര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഗാസ'. 
2007ല്‍ ഇസ്രായേല്‍ ഉപരോധം ആരംഭിച്ചതിന് ശേഷമുള്ള ഗാസയിലെ സാധാരണക്കാരുടെ ദുരനുഭവങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം. അതിജീവനത്തിനായി വേദനസംഹാരി ഗുളികകള്‍ അനധികൃതമായി വില്‍ക്കുന്ന യഹിയ എന്ന വിദ്യാര്‍ത്ഥിയും ഒസാമ എന്ന റസ്റ്റോറന്റ് ഉടമയും അഴിമതിക്കാരനായ പോലീസുകാരന്‍ അബു സമിയുടെ പിടിയിലകപ്പെടുന്നു. തനിക്ക് രഹസ്യവിവരം നല്‍കുന്നയാളാവാന്‍ ഒസാമയുടെ മേല്‍ അയാള്‍ സമ്മര്‍ദം ചെലുത്തുന്നതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുന്നു. 87 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

1936-39 കാലയളവില്‍ ബ്രിട്ടീഷ് അധിനിവേശത്തിന് എതിരെയും വര്‍ധിച്ചുവരുന്ന സയണിസ്റ്റ് കുടിയേറ്റത്തിന് എതിരെയും പലസ്തീനികള്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ കഥയാണ് 'പലസ്തീന്‍ 36'. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് പലസ്തീനിന്റെ ഔദ്യോഗിക എന്‍ട്രിയാണിത്. ഇസ്രായേലില്‍ ഈ ചിത്രം നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ വേരുകള്‍ 1930-കളില്‍ എങ്ങനെയുറച്ചു എന്ന് സിനിമ വ്യക്തമാക്കുന്നു.  ബ്രിട്ടീഷ് ഭരണകൂടം പലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുന്നതും സയണിസ്റ്റ് സായുധ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഇത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട പൊതുപണിമുടക്കിലേക്കും തുടര്‍ന്ന് സായുധ വിപ്ലവത്തിലേക്കും നയിക്കുന്നു. 120 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

date