Skip to main content

തോളൂർ ഗ്രാമപഞ്ചായത്ത്  പാലിയേറ്റിവ് ദിനാചരണം

തോളൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് ദിനാചരണവും രോഗികളുടെയും ബന്ധുക്കളുടെയും സംഗമവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി പാലിയേറ്റീവ് ദിനാചരണവും സംഗമവും ഉദ്ഘാടനം ചെയ്തു.
പ്രത്യേക സ്വാന്ത്വന പരിചരണം ആവശ്യമുള്ളവർക്ക് മുൻഗണന നൽകി 25 വർഷങ്ങൾക്ക് മുമ്പ്  നടപ്പിലാക്കിയ പദ്ധതി നല്ല രീതിയിൽ സാധാരണ ജനങ്ങൾക്ക് ഇക്കാലമത്രയും നൽകുന്നതിന് സാധിച്ചതായി പ്രസിഡൻ്റ് പറഞ്ഞു.
 ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസ ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.

തോളൂർ ഗ്രാമ പഞ്ചായത്ത് 25 വർഷമായി പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനായി ഫണ്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹോം കെയർ, മരുന്ന് ഉൾപ്പെടെയുള്ള സേവനങ്ങൾ കിടപ്പു രോഗികൾക്കായി നൽകി വരുന്നുണ്ട്. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ സഹകരണം ലഭ്യമാക്കാറുണ്ട്. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, റോളിംങ് ബെഡ്, വീൽചെയർ, വാക്കർ, ഓക്സിജൻ സിലിണ്ടർ, കോൺസട്രേറ്റർ തുടങ്ങിയ വിതരണം ചെയ്യുന്നു. സെക്കൻ്ററി പാലിയേറ്റീവിലൂടെ ഫിസിയോതെറാപ്പി സൗകര്യവും ലഭ്യമാണ്. നിലവിൽ 130 പാലിയേറ്റിവ് രോഗികൾക്കായി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ചടങ്ങിൽ പാലിയേറ്റീവ് നഴ്സ് ഫിജിയെ ആദരിച്ചു. രോഗികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പൊലിമയുടെ വീരനാട്യ നൃത്തവും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. ഡോ. ഷീന കെ. വാസു, ജനപ്രതിനിധികളായ പ്രിയ സുനിൽ, എൻ പി. സരോജിനി, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, ഷീന വിൽസൺ, വിമിത രതിഷ്, ആസുത്രണ സമിതിയംഗങ്ങളായ കെ.ജി. പോൾസൺ, ടി. സിദ്ധിക്ക്, ഹെൽത്ത് ഇൻസ്പെക്ടർ എ ജെ വിൻസൻ്റ് തുടങ്ങിയവർ സംസാരിച്ചു.

date