Skip to main content

സംസ്ഥാനത്തെ 160 പഞ്ചായത്തുകളിൽ കളിക്കളം നിർമ്മിച്ചു; 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി അടുത്ത വർഷത്തോടെ ലക്ഷ്യം കൈവരിക്കും: മന്ത്രി വി അബ്ദുറഹ്മാൻ

*അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു 

*സംസ്ഥാനത്തെ കളിക്കളമില്ലാത്ത 160 പഞ്ചായത്തുകളിൽ കളിക്കളം നിർമ്മിച്ചതായും 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി അടുത്ത വർഷത്തോടെ ലക്ഷ്യം കൈവരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്വന്തമായി കളിക്കളമില്ലാത്ത 465 പഞ്ചായത്തുകളിൽ 160 എണ്ണത്തിൽ ഇതിനോടകം നിർമ്മാണം പൂർത്തിയായി. ബാക്കിയുള്ളവയ്ക്കായി ഈ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം പഞ്ചായത്ത് വിഹിതത്തിന്റെ 20 ശതമാനം കായിക മേഖലയ്ക്കായി മാറ്റിവയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്. ഇതുവഴി ഇൻഡോർ സ്റ്റേഡിയങ്ങൾ, വനിതകൾക്കുള്ള പ്രത്യേക കളിക്കളങ്ങൾ, കായിക ടീമുകളുടെ രൂപീകരണം, പരിശീലകരുടെ നിയമനം എന്നിവ തദ്ദേശതലത്തിൽ ഉറപ്പാക്കി കേരളത്തെ കായിക സാക്ഷരതയുള്ള സംസ്ഥാനമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തിയ 'അറവുകാട് പ്രഖ്യാപനം' നടന്ന പുണ്യഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം ഉയരുന്നത് നാടിന് അഭിമാനകരമാണെന്ന് എംഎൽഎ പറഞ്ഞു. കായിക വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. എട്ട് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ജോലികൾ 90 ശതമാനവും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.  

എച്ച് സലാം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി രൂപ ചെലവഴിച്ചാണ് അറവുകാട് സ്‌കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നത്. മഡ് ഫുട്ബോൾ കോർട്ട്, ഡ്രെയിനേജ് സംവിധാനം, ഇന്റർലോക്ക് പാകൽ, ഫെൻസിംഗ് എന്നിവയാണ് പ്രധാനമായും ഇവിടെ സജ്ജീകരിക്കുന്നത്. ജില്ലയിലെ കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കായിക വകുപ്പിന് കീഴിൽ 142.39 കോടി രൂപയുടെ വിപുലമായ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. നിലവിൽ വിവിധ ഘട്ടങ്ങളിലായി 48 പദ്ധതികളാണ് ജില്ലയിൽ പുരോഗമിച്ചുവരുന്നത്. ഇതിൽ 35.41 കോടി രൂപയുടെ 19 പ്രവൃത്തികളും, കിഫ്ബി വഴി നടപ്പിലാക്കുന്ന 85.45 കോടി രൂപയുടെ അഞ്ച് പദ്ധതികളും ഉൾപ്പെടുന്നു. 'ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം' പദ്ധതി പ്രകാരം 10.15 കോടി രൂപ ചെലവിൽ 12 കളിസ്ഥലങ്ങളുടെ നിർമ്മാണവും ദ്രുതഗതിയിൽ നടന്നുവരികയാണ്. 4.63 കോടി രൂപ ചെലവഴിച്ച 10 പ്രവൃത്തികളും, 'ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം' പദ്ധതിയിൽ ഉൾപ്പെട്ട ഒരു കോടി രൂപയുടെ ഒരു കളിസ്ഥലവും ജനങ്ങൾക്കായി തുറന്നുകൊടുത്തു. കൂടാതെ കിഫ്ബി മുഖേന നടപ്പാക്കിയ 5.75 കോടി രൂപയുടെ മറ്റൊരു പദ്ധതിയും വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മനേഷ്,  പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വി ജി വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം വിഷ്ണുപ്രസാദ്, ഗ്രാമപഞ്ചായത്തംഗം ഗീതാബാബു, അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ് കിഷോർ കുമാർ, സെക്രട്ടറി പി റ്റി സുമിത്രൻ, സ്കൂൾ മാനേജർ ബിനീഷ് ബോയി, പ്രഥമാധ്യാപകരായ ആർ ബിന്ദു(എച്ച്എസ്എസ്), പി കെ സജിന (എച്ച്എസ്), ജെ എം മിനിമോൾ(എൽപിഎസ്), പിടിഎ പ്രസിഡന്റ് അബ്ദുൽ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.

date