Skip to main content

'ആന്റിബയോട്ടിക്  സാക്ഷര വിദ്യാലയ പരിപാടി': സര്‍ട്ടിഫിക്കറ്റുകള്‍  വിതരണം ചെയ്തു

 

'എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം' ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ ആന്റിബയോട്ടിക് സാക്ഷര വിദ്യാലയം പരിപാടി -GUARD (Generating Understanding of Antibiotic Resistance and Dosage) സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) - ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി സംസ്ഥാന ആരോഗ്യകുടുംബ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2025 നവംബര്‍  മുതല്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.

പരിപാടിയുടെ പ്രാരംഭഘട്ടത്തിന്റെ ഭാഗമായി, ആന്റിബയോട്ടിക്ക് ദുരുപയോഗം സംബന്ധിച്ച്, അധ്യാപകര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം നല്‍കി. അവരുടെ  നേതൃത്വത്തില്‍  ജില്ലയിലെ  വിദ്യാലയങ്ങളില്‍ പരിപാടി വിജയകരമായി നടപ്പിലാക്കി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ ബോധവല്‍ക്കരണ പരിപാടിയിലെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാലയങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.  ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളി ആണെന്നും മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികള്‍  മനസ്സിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ കൃത്യമായി മരുന്നുകള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജില്ലാ കളക്ടര്‍ സൂചിപ്പിച്ചു. തുടര്‍ന്നും പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കര പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കും.

 

അസിസ്റ്റന്റ് കലക്ടര്‍ രവി മീണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. റോഷ് ടി. വി, മണ്ണാര്‍ക്കാട് ഡി ഇ ഒ ഓഫീസ് പ്രതിനിധി  മനോജ് കുമാര്‍, എ.എം.ആര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അനീഷ് സേതുമാധവന്‍, വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date