Skip to main content

അച്ചടി വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഫാറം ഓഫീസ് മുഖ്യമന്ത്രി 22ന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും

അച്ചടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാറം ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 22ന് രാവിലെ 10ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിശിഷ്ടാതിഥിയാകും. ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍, അച്ചടി വകുപ്പ് ഡയറക്ടര്‍ അമീര്‍ സി.എ, ഗവണ്‍മെന്റ് പ്രസ്സുകളുടെ സൂപ്രണ്ട് ടി. വീരാന്‍, കണ്‍ട്രോളര്‍ ഓഫ് ഫാറം പ്രശാന്ത് കുമാര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും സര്‍വ്വീസ് സംഘടനാ നേതാക്കളും പങ്കെടുക്കും. വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് കളക്ടറേറ്റിലെ സി ആന്റ് ഡി ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഫാറം ഓഫീസ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ 13 മത്തെ ഫാറം ഓഫീസാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയത്. പേര്, ഒപ്പ്, മതം മാറ്റം, ജാതി തിരുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ഫാറം ഓഫീസുകള്‍ വഴിയാണ്. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ഫാറങ്ങളും രജിസ്റ്ററുകളും വകുപ്പുതല പരീക്ഷകള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും ഈ ഓഫീസില്‍ നിന്ന് വിതരണം ചെയ്യും. മുന്‍പ് കണ്ണൂരിലെ ഫാറം ഓഫീസില്‍ നിന്ന് ലഭ്യമായിരുന്ന സേവനങ്ങള്‍ ഇനി മുതല്‍ ജില്ലയിലെ പുതിയ ഓഫീസര്‍ ലഭിക്കുന്നതാണ്. പുതിയ ഫാറം തുറക്കുന്നതോടെ ഗുണഭോക്താക്കളുടെ ദീര്‍ഘദൂര യാത്രയും ഒഴിവാകും. ചടങ്ങില്‍ തിരുവനന്തപുരം ഗവ:സെന്‍ട്രല്‍ പ്രസ്സിലേയും മണ്ണന്തല ഗവ:പ്രസ്സിലേയും സി.ടി.പി മെഷീനിന്റ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

date