ജില്ലയിലെ 61 പ്രീ-പ്രൈമറി സ്‌കൂളുകളില്‍ 57 ഇടങ്ങളില്‍ ആധുനിക പഠനസൗകര്യങ്ങള്‍ ഉള്ള വര്‍ണ്ണ കൂടാരം പ്രീ പ്രൈമറി സ്‌കൂള്‍ സജ്ജീകരിച്ചു
കുരുന്നുകളുടെ പ്രീ-പ്രൈമറി വിദ്യാഭ്യാസം കൂടുതല്‍ സന്തോഷകരവും അനുഭവസമ്പന്നവുമാക്കാന്‍ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) നടപ്പിലാക്കുന്ന 'വര്‍ണ്ണ കൂടാരം' പദ്ധതി പുരോഗമിക്കുന്നു. ജില്ലയിലെ 61 പ്രീ-പ്രൈമറി സ്‌കൂളുകളില്‍ 57 ഇടങ്ങളില്‍ ആധുനിക പഠനസൗകര്യങ്ങള്‍ ഉള്ള വര്‍ണ്ണ കൂടാരം പ്രീ പ്രൈമറി സ്‌കൂള്‍ സജ്ജീകരിച്ചു. ബാക്കിയുള്ള സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ആദ്യ രണ്ട് സ്‌കൂളുകള്‍ക്ക് 15 ലക്ഷം രൂപ വീതവും ബാക്കിയുള്ള സ്‌കൂളുകള്‍ക്ക് ഓരോ സ്‌കൂളിനും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതിന് പുറമെ സ്‌കൂളുകളുടെ തനത് ഫണ്ടുകളും പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനവും പഠനോപകരണങ്ങളുടെ സജ്ജീകരണവും പൂര്‍ത്തിയാക്കുന്നു. അറിവ് അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ നിന്ന് മാറി, കളിയിലൂടെയും കലയിലൂടെയും വായനയിലൂടെയും കുട്ടികള്‍ സ്വാഭാവികമായി അറിവ് ആര്‍ജ്ജിക്കാനുള്ള അന്തരീക്ഷമാണ് 'വര്‍ണ്ണ കൂടാരം' ഒരുക്കുന്നത്.
കുട്ടികളുടെ സര്‍ഗാത്മകതയും ബുദ്ധിവികാസവും ശാസ്ത്രീയമായ പ്രീ പ്രൈമറി വിദ്യാഭ്യാസവും ലക്ഷ്യമിട്ട് 13 വിധത്തിലുള്ള പഠന പ്രവര്‍ത്തനയിടങ്ങളാണ് സജ്ജീകരിക്കുന്നത്. കുട്ടികളെ എഴുത്തുകള്‍ പരിശീലിപ്പിക്കുന്ന എഴുത്തിടങ്ങള്‍, ചിത്രകലയെ പ്രോത്സാഹിപ്പിക്കുവാന്‍ വരയിടങ്ങള്‍, കുട്ടികളുടെ അവതരണങ്ങള്‍ നടത്തുവാനുള്ള കുഞ്ഞരങ്ങുകള്‍, സംഗീതത്തെ പരിചയപ്പെടുത്തുന്ന സംഗീതയിടം, പുറംവാതില്‍ കളി ഉപകരണങ്ങള്‍, വായനക്കോണുകള്‍, ഗണിത-വിജ്ഞാന കോണുകള്‍, കളിപ്പാട്ട മേഖലകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഭാഷാ കഴിവും സാമൂഹിക ഇടപെടല്‍ ശേഷിയും വികസിപ്പിക്കാന്‍ സഹായകരമാകും.
ചുമര്‍ ചിത്രങ്ങളും മനോഹരങ്ങളായ പൂന്തോട്ടങ്ങളും 'വര്‍ണ്ണ കൂടാരം' പദ്ധതിയുടെ ഭാഗമായതിനാല്‍ സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറ്റുവാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ഒന്നരക്കോടി രൂപ ചെലവില്‍ ജി.എച്ച്.എസ്.എസ് കാറഡുക്ക സ്‌കൂളില്‍ മോഡല്‍ പ്രീപ്രൈമറി സ്‌കൂളിനായുള്ള കെട്ടിട നിര്‍മ്മാണത്തിന് എസ്.എസ്.കെയില്‍ നിന്ന് അനുമതിയും ലഭ്യമായിട്ടുണ്ട്.
2021-22 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി പ്രാരംഭ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. കെട്ടിടങ്ങളുടെ ആകര്‍ഷക രൂപകല്‍പനയ്‌ക്കൊപ്പം അധ്യാപക പരിശീലനവും പഠനസാമഗ്രികളുടെ ശാസ്ത്രീയ വിനിയോഗവും പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തുന്നു. വര്‍ണ്ണക്കൂടാരത്തിലൂടെ സന്തോഷകരമായ പഠനപരിസരം ഉറപ്പാക്കുന്നതിലൂടെ ജില്ലയിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വി.എസ് ബിജുരാജ് പറഞ്ഞു.
- Log in to post comments