ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തുന്നത് വിസ്മയകരമായ മുന്നേറ്റം; മന്ത്രി ഡോ. ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെയും വിസ്മയകരമായ മുന്നേറ്റമാണ് സർക്കാർ നടത്തിവരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ നവീകരിച്ച എ ആർ സെന്ററിന്റെയും (ഓറിയന്റൽ ബ്ലോക്ക്), സംസ്ഥാനത്തെ വിവിധ കോളേജുകളിൽ പൂർത്തീകരിച്ച കെട്ടിടങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിനും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ ഈ മേഖലയിൽ ചെലവഴിച്ചിട്ടുള്ളത്.
നാല് വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കിയതോടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും സമീപനത്തിലും സമൂലമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യവും ഗവേഷണത്തിലുള്ള അഭിരുചിയും വളർത്താൻ ഉതകുന്ന രീതിയിലാണ് പുതിയ കരിക്കുലം വിഭാവനം ചെയ്തിരിക്കുന്നത്. 'പഠനത്തോടൊപ്പം തൊഴിൽ' എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളെ സംരംഭകരായും തൊഴിൽദാതാക്കളായും മാറ്റാൻ ക്യാമ്പസുകൾക്ക് കഴിയേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി 'സ്‌കോളർ കണക്ട്' പദ്ധതി വഴി വിദേശത്തുള്ള മലയാളി വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നുണ്ട്. നാക് അക്രഡിറ്റേഷനിലും എൻ.ഐ.ആർ.എഫ് റാങ്കിങ്ങിലും കേരളത്തിലെ സർവ്വകലാശാലകളും കോളേജുകളും മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ മികച്ച 300 കോളേജുകളിൽ 75 എണ്ണവും കേരളത്തിൽ നിന്നാണ് എന്നത് ഇതിന് തെളിവാണെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ കിഫ്ബിയിൽ നിന്നും അനുവദിച്ച 22 കോടി രൂപ ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. പൈതൃക തനിമ ചോരാതെ നവീകരിച്ച ഓറിയന്റൽ ബ്ലോക്ക്, പുതിയതായി നിർമ്മിച്ച ലാംഗ്വേജ് ബ്ലോക്ക്, ലാബ് ബ്ലോക്ക് എന്നിവ പൂർത്തിയാക്കി. കോളേജിന്റെ പൈതൃക ഗരിമ നിലനിർത്തിക്കൊണ്ട് കിറ്റ്കോയുടെ നേതൃത്വത്തിലാണ് ഓറിയന്റൽ ബ്ലോക്കിന്റെ നവീകരണം പൂർത്തിയാക്കിയത്. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ഇരുപത്തിമൂന്നാം സ്ഥാനം നേടാനും സംസ്ഥാന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്താനും യൂണിവേഴ്‌സിറ്റി കോളേജിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് വിക്ടോറിയ കോളേജിൽ പൈതൃക കോളേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിർമ്മിച്ച ലൈബ്രറി കം ഓഡിറ്റോറിയം കെട്ടിടം, തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ കോളേജിലെ 11.2 കോടി രൂപയുടെ അക്കാദമിക് കെട്ടിടം, ചേലക്കര സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 8.9 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച അക്കാദമിക് ബ്ലോക്ക്, പത്തിരിപ്പാല സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 69.7 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കാന്റീൻ കെട്ടിടം, കുളത്തൂർ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പ്ലാൻ ഫണ്ടിൽ നിന്നും 80.21 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച പ്രീഫാബ്രിക്കേറ്റഡ് കെട്ടിടം, മലയൻകീഴ് എം.എം.എസ് സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 36.4 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
കരുനാഗപ്പള്ളി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കിഫ്ബി വഴി അനുവദിച്ച 17.3 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ, മലപ്പുറം മങ്കട സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കിഫ്ബി വഴി അനുവദിച്ച 8.6 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക്, ലൈബ്രറി എന്നിവയുടെയും, പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന റീട്ടൈനിങ് വാളിന്റെ ശിലാസ്ഥാപനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സന്തോഷ്‌കുമാർ കെ ആർ അധ്യക്ഷനായി.
പി.എൻ.എക്സ്. 742/2026
- Log in to post comments