അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ കാലയളവിലെ പെൻഷൻ അനുവദിക്കാൻ ഉത്തരവ്
കേരള അങ്കണവാടി വർക്കേർസ് & ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നിട്ടുള്ളതും കുടിശ്ശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതുമായ 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ള അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2016 മുതൽ 2025 വരെ വിരമിച്ച അങ്കണവാടി പ്രവർത്തകരിൽ 2016ന് ശേഷം അനാരോഗ്യം ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ 500ൽപ്പരം അങ്കണവാടി പ്രവർത്തകർക്ക് പെൻഷൻ നഷ്ടമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ആക്ട് ഭേദഗതി ചെയ്ത് പ്രസ്തുത കാലയളവിലെ പെൻഷൻ നൽകാൻ തീരുമാനമായത്.
ശൂന്യ വേതനാവധി കാലയളവിൽ 6 മാസത്തിൽ കൂടുതൽ അംശദായം അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ട് പെൻഷൻ നഷ്ടമായ വിരമിച്ച അങ്കണവാടി പ്രവർത്തകർക്ക് മുടക്കം വരുത്തിയ വിഹിതം, അംശദായം ഒടുക്കി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനാണ് പ്രത്യേക അനുമതി നൽകി ഉത്തരവായത്.
പി.എൻ.എക്സ്. 751/2026
- Log in to post comments