തിരുവാലി 110 കെ.വി. സബ്സ്റ്റേഷന്‍ ഉദ്ഘാടനം ഫെബ്രുവരി 21-ന്
മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വൈദ്യുതി വിതരണ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന തിരുവാലി 110 കെ.വി. സബ്സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമായി. ഫെബ്രുവരി 21 ന് വൈകിട്ട് 3.30-ന് തിരുവാലി ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സബ്സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എ.പി. അനില്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. പ്രിയങ്കാ ഗാന്ധി എം.പി. വിശിഷ്ടാതിഥിയായി പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബിയും ചേര്‍ന്നാണ് ഏകദേശം 20 കോടി രൂപ ചെലവഴിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ 28.5 എം.വി.എ. ശേഷിയുള്ള സബ്സ്റ്റേഷനാണ് നാടിന് സമര്‍പ്പിക്കുന്നത്. പുതിയ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ നിലവിലുള്ള പ്രസരണ നഷ്ടം കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കാനും സാധിക്കും.
വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ തിരുവാലി, വണ്ടൂര്‍, തൃക്കലങ്ങോട്, മമ്പാട് പഞ്ചായത്തുകള്‍ക്കും, ഏറനാട് മണ്ഡലത്തിലെ എടവണ്ണ പഞ്ചായത്തിനും പുതിയ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭിക്കും. ഇതിനുപുറമെ മഞ്ചേരി, നിലമ്പൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയിലുള്ള ആറ് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ മിന്‍ഹാജ് ആലം സ്വാഗതം പറയും. കെ.എസ്.ഇ.ബി. ഡയറക്ടര്‍ എസ്. ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജബ്ബാര്‍ ഹാജി, കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ താരിയന്‍ ജനപ്രതിനിധികളായ പി.എച്ച്. ഷമീം, കെ. ഷാനി, ആര്‍.പി. ബീന എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.
- Log in to post comments