മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സിലെ എല്‍ 2 ബ്ലോക്കും രണ്ടാം ഘട്ടം പ്രവൃത്തി ഉദ്ഘാടനവും നാളെ (വ്യാഴം) നടക്കും . മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും
മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സില്‍ 90 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എല്‍ 2 ബ്ലോക്കിന്റെ ഉദ്ഘാടനവും 2024-25 വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച അഞ്ച് കോടി രൂപയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നാളെ (വ്യാഴം) രാവിലെ 10ന് നിര്‍വ്വഹിക്കും. ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളാകും.
നാലു നിലകളിലേയും സിവില്‍ ആന്റ് ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, ഫയര്‍ ആന്റ് സേഫ്റ്റി പ്രവൃത്തികള്‍, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമുള്ള വിവിധ സൗകര്യങ്ങള്‍, ഒന്നാം നിലയിലെ ടൈല്‍, പെയിന്റിങ് വര്‍ക്കുകള്‍, പടിഞ്ഞാറ് വശത്തെ മണ്ണ് നീക്കം ചെയ്ത് സംരക്ഷണ ഭിത്തിയും ചുറ്റുമതിലും നിര്‍മാണം, പേ പാര്‍ക്കിങ് സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ് (എസ്.ടി.പി) നിര്‍മാണം എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക.
ആദ്യഘട്ടത്തില്‍ 7.90 കോടി രൂപ പ്ലാന്‍ ഫണ്ടും എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 2.15 കോടി രൂപയും വിനിയോഗിച്ച് നിലവിലെ കെട്ടിടം, ഓഫീസ്, ബസ് പാര്‍ക്കിങ് യാഡ്, യാത്രക്കാര്‍ക്ക് ഇരിക്കാന്‍ എ.സി ലോഞ്ച്, ശുചി മുറികള്‍ എന്നിവ 2025 ജൂണ്‍ 27ന് നാടിന് സമര്‍പ്പിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ പി.എസ്. പ്രമോജ് ശങ്കര്‍, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് റജുല പെലത്തൊടി, നഗരസഭ വൈസ് ചെയര്‍മാന്‍ ജിതേഷ് ജി. അനില്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഹാരിസ് ആമ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ നജ്മാബി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ട്രേഡ് യൂണിയനുകളുടേയും നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. മുഹമ്മദ് ഇസ്മാഈല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അനസ് നന്ദി പറയും.
- Log in to post comments