Skip to main content
*

കലാലയ മൃഗസംരക്ഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും: മന്ത്രി ജെ ചിഞ്ചുറാണി

പഠനത്തോടൊപ്പം വരുമാനദായകമായ മൃഗസംബന്ധിയായ സംരംഭങ്ങളുടെ കലാലയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ശ്രീനാരായണ കോളജില്‍ വകുപ്പ് സംഘടിപ്പിച്ച മൃഗക്ഷേമപുരസ്‌കാര സമര്‍പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

മൃഗക്ഷേമ പുരസ്‌കാരമായ 10,000 രൂപയും ഫലകവും പൊന്നാടയും കുരീപ്പുഴ സ്വദേശി ജോണ്‍സണും നെടുമ്പന സ്വദേശി നൗഫലിനും മന്ത്രി സമ്മാനിച്ചു. ഡോഗ് ബ്രീഡിംഗ് റൂള്‍സിന്റ പ്രകാശനം എം. നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. അരുമമൃഗ-പക്ഷി പ്രദര്‍ശനവും അനുബന്ധമായി ഒരുക്കി. 

എം നൗഷാദ് എം.എല്‍ എ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ശ്രീനാരായണ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എസ്. ലൈജു, ജന്തുശാസ്ത്ര വിഭാഗം പ്രൊഫസര്‍ എസ് ജിഷ, ചീഫ് വെറ്ററിനറി ഓഫീസര്‍ രമ ജി ഉണ്ണിത്താന്‍, ഡോ. ജേക്കബ് അലക്‌സാണ്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ പി ബേബി, എസ് പി സി എ വൈസ് പ്രസിഡന്റ് ജനാര്‍ദനന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. (പി.ആര്‍.കെ നമ്പര്‍ 409/2026)

വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു
തീരദേശത്തെ സമഗ്ര വികസനം ഉറപ്പാക്കി: മന്ത്രി സജി ചെറിയാന്‍

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിവിധ പദ്ധതികളിലൂടെ തീരദേശത്തെ സമഗ്ര വികസനം ഉറപ്പാക്കിയെന്ന് മത്സ്യബന്ധനം-സാംസ്‌കാരികം-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. നീണ്ടകര വലനിര്‍മാണഫാക്ടറിയുടെ നിര്‍മാണോദ്ഘാടനം, ഷോപ്പിംഗ് കോംപ്ലക്‌സ്, വാര്‍ഫ്, ശക്തികുളങ്ങരയിലെ ബോട്ട് ബില്‍ഡിംഗ് യാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യഫെഡ് തീരദേശമേഖലയില്‍ ഇടനിലക്കാരുടെചൂഷണം അവസാനിപ്പിച്ച്, മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക പുരോഗതി ഉറപ്പാക്കി. പുനര്‍ഗേഹം പദ്ധതിയിലൂടെ തീരദേശനിവാസികള്‍ക്ക് പാര്‍പ്പിടം ഒരുക്കി. മത്സ്യഫെഡിന്റെ വിവിധ സംരംഭങ്ങള്‍ സാമ്പത്തികലാഭം നേടി മുന്നേറുന്നു. 

മികച്ച പശ്ചാത്തലസൗകര്യങ്ങളോടെ സ്‌കൂളുകളും ആശുപത്രികളും വികസിപ്പിച്ചു. തൊഴില്‍തീരം പദ്ധതിയിലൂടെ മേഖലയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് സാമ്പത്തിക സഹായവും തൊഴില്‍ നൈപുണ്യപരിശീലന പരിപാടികളും നടപ്പാക്കി. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിച്ചു. 

നീണ്ടകരയില്‍ ഉയരുന്ന വലനിര്‍മാണകേന്ദ്രത്തിലൂടെ 150 പേര്‍ക്ക് തൊഴില്‍ പ്രതീക്ഷിക്കുന്നു. 450 ടണ്‍ വ്യത്യസ്തയിനം വലകളും നിര്‍മിക്കും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 10 കോടി രൂപ ചെലവഴിച്ചാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിച്ചത്. 688 ചതുരശ്രഅടിയില്‍ രണ്ടു നിലകളായി പണിതീര്‍ത്ത കെട്ടിടത്തില്‍ 27 കടമുറികളുണ്ട്. 8.82 കോടി രൂപ ചെലവില്‍ ശക്തികുളങ്ങര കല്ലുംപുറത്ത് നിര്‍മിച്ച ബോട്ട് ബില്‍ഡിംഗ് യാര്‍ഡ്, നെറ്റ് മെന്‍ഡിങ് ഷെഡ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, വാര്‍ഫ് എന്നിവ തുടര്‍വികസനം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഡോ. സുജിത്ത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷനായി. കൗണ്‍സിലര്‍ ദീപു ഗംഗാധരന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. പി സഹദേവന്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗം ഷേര്‍ലി ഹെന്‍ട്രി, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ജി. രാജദാസ്, സബീന സ്റ്റാന്‍ലി, ഉദ്യോഗസ്ഥര്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date