Skip to main content
*

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രഥമ ബിരുദദാന ചടങ്ങ് ഉന്നതവിദ്യാഭ്യാസത്തിന് പരിമിതികളില്ല: ഗവര്‍ണര്‍

ഉന്നതവിദ്യാഭ്യാസത്തിന് പ്രായവും പരിമിതികളും ഇല്ലെന്ന് ഉറപ്പാക്കിയതാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ മുഖ്യസവിശേഷതയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഥമ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസരംഗം രാഷ്ട്രപുനര്‍നിര്‍മാണത്തിന് പിന്തുണയേകണം. ആധുനിക ഉന്നതവിദ്യാഭ്യാസ കരിക്കുലം തൊഴില്‍നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹികമാറ്റത്തിനും ഉതകുന്നതായിരിക്കണമെന്നും ഓര്‍മിപ്പിച്ചു.

 

 പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞെന്ന് മുഖ്യാതിഥിയും പ്രൊ വൈസ് ചാന്‍സലറും ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ആര്‍ ബിന്ദു പറഞ്ഞു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. സര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഉടനുണ്ടാകുമെന്നും അറിയിച്ചു.

ചെറിയകാലയളവിനുള്ളില്‍ 76000 പഠിതാക്കളുള്ള സ്ഥാപനമായി സര്‍വകലാശാല മാറിയെന്ന് വിശിഷ്ടാതിഥിയും ധനകാര്യവകുപ്പ് മന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍. പരമ്പരാഗത വിഷയങ്ങള്‍ക്കൊപ്പം പുതുതലമുറ കോഴ്‌സുകളും ലഭ്യമാക്കിയ സര്‍വകലാശാല  ജില്ലയിലെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറിയെന്നും കൂട്ടിച്ചേര്‍ത്തു.

 

രാജ്യത്തിന് മാതൃകയായ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയുടെ വേറിട്ടനേട്ടമാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയെന്ന് വിശിഷ്ടാതിഥിയും ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണി പറഞ്ഞു. ഉന്നതപഠനം തടസ്സപ്പെട്ടവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്ന സര്‍വകലാശാല വിദ്യാഭ്യാസ രംഗത്ത് പുതുമാതൃക സൃഷ്ടിച്ചുവെന്നും പറഞ്ഞു.

ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ വിജയിച്ച പഠിതാകള്‍ക്ക് ചാന്‍സലറായ ഗവര്‍ണര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. പ്രഥമ ബിരുദദാന ചടങ്ങിനും സമ്മേളനത്തിനും മുന്നോടിയായി സര്‍വ്വകലാശാല സെനറ്റ് മീറ്റിങ്ങും നടന്നു. 

 

ചടങ്ങില്‍  ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. പി. ജഗതിരാജ്, രജിസ്ട്രാര്‍ ഡോ. അഭിലാഷ് ബാബു, പരീക്ഷ കണ്‍ട്രോളര്‍ ഡോ ജെ. ഗ്രേഷ്യസ്, ഫിനാന്‍സ് ഓഫീസര്‍ എം. എസ്. ശരണ്യ, സൈബര്‍ കണ്‍ട്രോളര്‍ ടി ബിജുമോന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി. പി. പ്രശാന്ത്, ഡോ. സി. ഉദയകല,  പി. ഹരിദാസ്, ഡോ. പി. പി. അജയകുമാര്‍, ഡോ. എ. ബാലകൃഷ്ണന്‍, അഡ്വ ജി. സുഗുണന്‍, ഡോ എം ജയപ്രകാശ്, ഡോ റെനി സെബാസ്റ്റ്യന്‍, പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date