സംസ്ഥാന തദ്ദേശ ദിനാഘോഷം; ശ്രദ്ധേയമായി പ്രാദേശിക സാമ്പത്തിക വികസന സെമിനാര്‍
തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും എന്ന സെമിനാർ പുത്തൻ ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായി. വിഷയത്തില്‍ കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ചീഫ് ജെ ജോസഫൈന്‍ വിഷയാവതരണം നടത്തി. സംസ്ഥാനത്തിന്റെ ജി.ഡി.പി വളര്‍ച്ച 6.19 ശതമാനമാണെങ്കിലും ഉല്‍പാദന മേഖലയിലെ കുറവ് തൊഴില്‍ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലും സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലും മുന്നിലാണെങ്കിലും ഇത് എത്രത്തോളം തൊഴില്‍ വളര്‍ച്ചയ്ക്ക് സഹായിച്ചു എന്ന് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകളും കുടുംബശ്രീയും കൈകോര്‍ത്താല്‍ പ്രാദേശിക വിഭവങ്ങളിലൂടെ നാടിന്റെ ജീവിതനിലവാരം ഉയര്‍ത്തുന്ന യഥാര്‍ഥ സാമ്പത്തിക വികസനം സാധ്യമാകും. ശുചിത്വ കേരളത്തിന്റെ കരുത്തായി മാറിയ ഹരിതകര്‍മസേനാംഗങ്ങളെ ഗവ. ജോലിക്കാരായി അംഗീകരിക്കണമെന്നും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും പാനലിസ്റ്റുകള്‍ നിര്‍ദേശിച്ചു.
മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടന്ന സെമിനാറില്‍ കുടുംബശ്രീ മെന്റര്‍ ജിബി വര്‍ഗീസ്, ജോബ് കഫേ ഡയറക്ടര്‍ എ രാജേഷ്, ഹരിതകര്‍മസേന അംഗങ്ങള്‍, എഴുത്തുകാരി ധനുജ കുമാരി എന്നിവര്‍ പാനലിസ്റ്റുകളായി. സംസ്ഥാനത്തുടനീളമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കലാ-കായിക മത്സര വിജയികള്‍ക്കുള്ള പുരസ്‌ക്കാരം പ്രിന്‍സിപ്പിള്‍ ഡയറക്ടര്‍ ജെറോമിക്ക് ജോര്‍ജ് വിതരണം ചെയ്തു.
- Log in to post comments