ദ്രവമാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക ഊന്നല്‍ നല്‍കണം; ബിനു ഫ്രാന്‍സിസ്
ഖരമാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും ദ്രവമാലിന്യ സംസ്‌കരണത്തില്‍ കാര്യമായ പ്രാധാന്യം നല്‍കാനും കൃത്യമായ അവബോധം പൊതുജനങ്ങള്‍ക്കിടയില്‍ കൊണ്ടുവരാനും സാധിച്ചില്ലെന്ന് ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ് പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ദ്രവമാലിന്യ സംസ്‌കരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പത്തു വര്‍ഷത്തിനകം ഖരമാലിന്യ സംസ്‌കരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങളില്‍ കൃത്യമായ അവബോധം കൊണ്ടുവരണം. ഗാര്‍ഹികതലങ്ങളിലും പൊതുതലങ്ങളിലും ഉണ്ടാവുന്ന ദ്രവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദ്രവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പ്ലാന്റുകള്‍, സംസ്‌കരണത്തിലെ നിയമവശങ്ങളെക്കുറിച്ചുള്ള അവബോധം, ഇതിന്റെ ഭാഗമായി ജോലി ചെയ്യുന്നവരുടെ സുരക്ഷ, ദ്രവമാലിന്യങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ശുചിത്വ മിഷന്‍ കപ്പാസിറ്റി ബില്‍ഡിംഗ് എക്‌സ്‌പേര്‍ട്ട് ആര്‍.എസ് അമീര്‍ഷാ ഉൾപ്പെടെയുള്ള പാനലിസ്റ്റുകള്‍ ചര്‍ച്ച ചെയ്തു.
കേരള വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എസ് പ്രവീണ്‍, ശുചിത്വ മിഷന്‍ സാനിറ്റേഷന്‍ വിദഗ്ധന്‍ എസ് വിപിന്‍, ശുചിത്വ മിഷന്‍ വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊജക്ട് മാനേജര്‍ അഖിലേഷ് രമേഷ്, ആരോഗ്യ ജോയിന്റ് ഡയറക്ടര്‍ ഡോ. ശശികുമാര്‍ എന്നിവര്‍ പാനലിസ്റ്റുകളായി.
- Log in to post comments