Skip to main content

തദ്ദേശസ്ഥാപനങ്ങള്‍ വരുമാന സമാഹരണം വര്‍ധിപ്പിക്കണം: ഡോ. ഹരികുറുപ്പ്

 

കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തിന് പുറമെ സ്വന്തം വരുമാന സമാഹരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനമാണെന്ന് എക്കണോമിക്‌സ് പ്രൊഫസറും എസ് എഫ് സി ഫിനാന്‍സ് അഡ്വൈസറുമായ ഡോ. ഹരികുറുപ്പ് പറഞ്ഞു. തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി തനത് വരുമാനം-സാധ്യതകള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമ്പത്തിക പരിമിതികള്‍ കണക്കിലെടുത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം വരുമാനം വര്‍ധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിരതയ്ക്ക് കരുത്താകും. സംസ്ഥാന ധനസഹായത്തിലുള്ള അമിത ആശ്രയം കുറയ്ക്കാനും ഇതിലൂടെ പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്താന്‍ സാധിക്കും. സ്വത്ത്, പ്രൊഫഷണല്‍, പരസ്യം എന്നീ നികുതി വരുമാനങ്ങള്‍ക്കൊപ്പം വാടക, ഫീസ്, ഉപയോക്തൃ ചാര്‍ജുകള്‍ തുടങ്ങിയ നികുതിയേതര വരുമാനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജി ഐ എസ് ഉപയോഗവും ആധുനിക അക്കൗണ്ടിംഗ് രീതികളും സാങ്കേതിക വിജ്ഞാനവും പ്രയോജനപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് പാനലിസ്റ്റുകള്‍ നിര്‍ദേശിച്ചു. പൊതുസമൂഹത്തിലെ സാങ്കേതിക പരിജ്ഞാനം ഉള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് തനത് വരുമാനം വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കണം. ചെലവുകള്‍ നിയന്ത്രിച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങളെ ലാഭത്തിലേക്ക് നയിക്കാനാകുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

പ്രിന്‍സിപ്പല്‍ റൂറല്‍ ഡയറക്ടര്‍ അപൂര്‍വ ത്രിപാഠി അധ്യക്ഷയായി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എക്കണോമിക്‌സ് പ്രൊഫസര്‍ ഡോ. നിര്‍മ്മല്‍ റോയി, കണ്ണൂര്‍ കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജ് ഇക്കണോമിക്‌സ് മേധാവി ഡോ. പി എച്ച് ഷാനവാസ്, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി റ്റോബി തോമസ്, കോഴിക്കോട് ജോയിന്റ് ഡയറക്ടര്‍ പി.ടി പ്രസാദ് എന്നിവര്‍ പാനലിസ്റ്റുകളായി.

date