ഓൺലൈൻ സേവനങ്ങൾ യാഥാർഥ്യമാണെന്ന് ഓരോരുത്തരും അനുഭവിച്ചറിയുന്നു: മുഖ്യമന്ത്രി
ഓൺലൈൻ സേവനങ്ങൾ വെറും പ്രഖ്യാപനങ്ങൾ മാത്രമല്ല, യാഥാർഥ്യമാണെന്ന് ഓരോരുത്തരും അനുഭവിച്ച് അറിയുന്ന കാലഘട്ടം കൂടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന തദ്ദേശ ദിനാചരണത്തിന്റെ സമാപന സമ്മേളനം മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ മൈതാനാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനായി രൂപം നൽകിയ കെ-സ്മാർട്ടിലൂടെ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം തീർപ്പാക്കിയ ഫയലുകളുടെ എണ്ണമെടുത്താൽ 10 ലക്ഷത്തിലധികം വരും. ഒരു മിനിട്ടിനകം നൽകിയ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ എണ്ണമെടുത്താൽ രണ്ട് ലക്ഷത്തിലധികം വരും.
കഴിഞ്ഞ നവംബർ ഒന്നോടുകൂടി അതിദാരിദ്ര്യമുക്തമായി എന്നതിനാൽ ഇത്തവണത്തെ തദ്ദേശ ദിനാഘോഷത്തിൽ വലിയ അഭിമാനത്തോടെയാണ് നാമെല്ലാം പങ്കെടുക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് പ്രവർത്തിച്ചത് തദ്ദേശ സ്ഥാപനങ്ങളാണെന്നും അതിന് അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനം അധികാര വികേന്ദ്രീകരണത്തെ വലിയ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളെ ഏറ്റവും ഗൗരവതരമായ പിന്തുണ നൽകി ശാക്തീകരിച്ചു. നമ്മുടെ സംസ്ഥാനം രൂപീകരിച്ച് 75 വർഷം പൂർത്തിയാവുന്ന 2031ൽ കേരളം എങ്ങിനെയാവണം എന്നതിനെക്കുറിച്ച് പ്രുമുഖ വ്യക്തികൾ പങ്കെടുത്ത് മിഷൻ 2031 ചർച്ചകൾ നടന്നിരുന്നു. അതിൽ മുൻ കേന്ദമന്ത്രി മണിശങ്കർ അയ്യർ പറഞ്ഞത്, രാജ്യത്ത് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കുന്നത് കേരളമാണ് എന്നാണ്. ഇത് രാജ്യം മൊത്തത്തിൽ അംഗീകരിക്കുന്ന കാര്യമാണ്.
തദ്ദേശ സ്ഥാപനങ്ങൾ വാതിൽപ്പടി സേവനങ്ങൾ ശരിയായി നിർവഹിക്കുന്നു. നമ്മുടെ നാട് മാലിന്യ നിർമാർജനത്തിൽ മാതൃകാപരമായി പ്രവർത്തിക്കുന്നു. 15 വർഷത്തെ കണക്കെടുത്താൽ സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പിന്തുണ എത്രത്തോളം വലുതാണെന്ന് ബോധ്യമാവും. 2011 മുതൽ 2016 വരെ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയത് 29,500 കോടി രൂപയാണ്. എന്നാൽ, 2016 മുതൽ 2021 വരെയുള്ള കണക്കെടുത്താൽ അത് 53,000 കോടി രൂപയായി വർധിച്ചു. ഏകേദശം ഇരട്ടിയോളം തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി. 2021 മുതൽ ഇേത വരെ എടുത്താൽ 70,000 കോടിയിലധികം രൂപ നൽകിയെന്ന് കാണാൻ കഴിയും. ഇത് കേരളത്തിൽ മാത്രം കാണാൻ കഴിയുന്നതാണ്. അതോടൊപ്പം അധികാരവും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി.
കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് റോഡ് പ്രവൃത്തികൾക്കു മാത്രമായി 8,867 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കി. അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി 1,187 കോടി രൂപ ലഭ്യമാക്കി. ഇതിനു പുറമെ സി എം എൽ ആർ ആർ പി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ നവീകരിക്കാൻ സർക്കാർ നേരിട്ട് സഹായം നൽകി. അതിന്റെ ആദ്യ ഘട്ടത്തിൽ 980 കോടി രൂപ വിനിയോഗിച്ച് 4,912 പദ്ധതികൾ പൂർത്തീകരിച്ചു. രണ്ടാം ഘട്ടമായി 939 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി വരികയാണ്.
നമ്മുടെ നാട് അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയുള്ള എല്ലാ പ്രദേശങ്ങൾക്കും നഗരസ്വഭാവം വന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് നമ്മുടെ നാടിനെ വരുംകാലത്തിനു വേണ്ടി സജ്ജീകരിക്കുക എന്ന ദൗത്യം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. അതിന്റെ ഭാഗമായി നഗരവികസന നയം രൂപീകരിക്കാനായി പ്രത്യേക കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് മെട്രോ പോളിറ്റൻ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
ലൈഫ് മിഷനിൽ 21,000 കോടിയിൽ 2300 കോടി മാത്രമാണ് കേന്ദ്രത്തിന്റെ പങ്ക്
കേരളം ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രധാന പദ്ധതിയായ ഭവനരഹിതർക്ക് വീടുകൾ ലഭ്യമാക്കാനുള്ള ലൈഫ് പദ്ധതിയിൽ പ്രഖ്യാപിത ലക്ഷ്യമായ അഞ്ച് ലക്ഷത്തോളം വീടുകൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. കുറച്ചുകൂടി വീടുകൾ ഇതോടൊപ്പം പൂർത്തീകരിക്കാനുണ്ട്. സംസ്ഥാനത്തെമ്പാടും ഭവനസമുച്ചയ നിർമ്മാണവും മുന്നോട്ടുപോവുകയാണ്. വീട് എന്ന സ്വപ്‌നവുമായി മണ്ണടിയാൻ വിധിക്കപ്പെട്ട അഞ്ച് ലക്ഷത്തോളം കുടുംബങ്ങളാണ് സ്വന്തം വീട്ടിൽ ആത്മാഭിമാനത്തോടെ കഴിയുന്നത്.
ലൈഫ് പദ്ധതി സംസ്ഥാനത്ത് തയ്യാറാക്കിയ പദ്ധതിയാണ്. ഇതോടൊപ്പം ഭവന നിർമ്മാണ രംഗത്ത് സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും സംയോജിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഭവന നിർമ്മാണത്തിനായി കേന്ദ്രം ചെലവഴിക്കുന്ന തുകയും ഇതോടൊപ്പം ചെലവഴിക്കാമെന്നാണ് കണ്ടിരുന്നത്. എന്നാൽ, ചില തെറ്റിദ്ധാരണകൾ അതുമായി ബന്ധപ്പെട്ട് ബോധപൂർവം സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. എന്നാൽ ഇതിൽ കേ്രന്ദസർക്കാറിന്റെ വിഹിതം വളരെ വലുതല്ല. ലൈഫ് പദ്ധതിക്കായി നാളിതുവരെ 21,000 കോടിയോളം രൂപയാണ് സംസ്ഥാനത്ത് ചെലവഴിച്ചത്. ഇതിൽ കേന്ദ്ര ഫണ്ടായി ലഭിച്ചത് 2,300 കോടി രൂപ മാത്രമാണ്. അതുകൂടി ചേരുന്നത് നല്ലതാണ്. എന്നാൽ, ഇതെല്ലാം സംസ്ഥാനം ചെയ്യുന്നതല്ല, കേന്ദ്രം ചെയ്യുന്നതാണ് എന്ന തെറ്റായ പ്രചരണം നടക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നാടിന്റെ വികസനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത്. നാടിന്റെ ക്ഷേമകാര്യത്തിൽ രണ്ടു സർക്കാറുകളും ഒരുമിച്ച് നീങ്ങേണ്ടതാണ്. അതിൽ സാധാരണ നിലയ്ക്ക് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ ഇതിന്റെ വിഹിതം നോക്കിയാൽ 21,000 കോടിയിൽ 2300 കോടി മാത്രമാണ് കേന്ദ്രത്തിന്റെ പങ്ക്.
തൊഴിലുറപ്പ് പദ്ധതിയുടെ ബാധ്യത സംസ്ഥാനത്തിന്റെ പിടലിയ്ക്ക് വെക്കുന്നു
തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോൾ തൊഴിലുറപ്പ് പദ്ധതി ചെറിയൊരു ആശങ്കയിലാണ്. കാരണം, അതിന്റെ ബാധ്യത പൂർണമായും കേന്ദ്രസർക്കാരാണ് നേരത്തെ ഏറ്റെടുത്തിരുന്നത്. അത് മാറി സംസ്ഥാനങ്ങളുടെ പിടലിയ്ക്ക് ബാധ്യത അടിച്ചേൽപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വന്നിട്ടുണ്ട്. അതിനുള്ള നിയമനിർമ്മാണവും വന്നുകഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതി മുഖേനയുള്ള തൊഴിലാളികളുടെ ക്ഷേമത്തിൽ വലിയ പ്രയാസങ്ങൾ വന്നുചേരാൻ ഇടയാകുമെന്ന ആശങ്ക ഉണ്ടായിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഓണം അലവൻസിനായി 65 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമനിധി രൂപീകരിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയും കേരളത്തിന് തന്നെയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ദിവസത്തെ തൊഴിൽ നൽകുന്നതിന് പകരം എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ് കേരളം. അതിനായി പ്രത്യേക തുകയും അനുവദിക്കുന്നുണ്ട്.
നഗര മേഖലയിൽ നടപ്പാക്കിയ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ 31 ലക്ഷത്തോളം തൊഴിൽ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 200 കോടിയോളം രൂപ അതിന് ചെലവഴിച്ചു. തൊഴിലുറപ്പ് പദ്ധതി വെല്ലുവിളി നേരിടുമ്പോൾ പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
പ്രകൃതിരമണീയമായ നാട് 2016ൽ മാലിന്യം നിറഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു. മാലിന്യ നിർമാർജനം ജനങ്ങളാകെ ഭാഗഭാക്കായി നടപ്പാക്കേണ്ട കാര്യമായതിനാൽ ഹരിതകേരളം മിഷൻ രൂപീകരിച്ചു. മാലിന്യങ്ങൾ കെട്ടി വലിച്ചെറിയുന്ന പ്രവണതയായിരുന്നു ആപത്ത്. ഇതിനെതിരെ വലിയ പൊതു കാമ്പയിൻ ഉണർന്നു വന്നു. മാലിന്യ നിർമാർജനത്തിൽ നല്ല നിലയ്ക്കുള്ള മാറ്റം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കിയ മാലിന്യനിർമ്മാർജന പദ്ധതി ഇതിനോടകം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു. കേരളത്തിലെ 1,027 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇന്ന് ഖരമാലിന്യ മുക്തമാണ്. 3,060 ടൗണുകളും 3,087 മാർക്കറ്റുകളും 57,201 സ്ഥാപനങ്ങളും ഇതിനോടകം ഹരിതപദവി നേടിയിട്ടുണ്ട്. വാതിൽപ്പടി ശേഖരണം മുതൽ മാലിന്യസംസ്‌കരണം വരെയുള്ള ശൃംഖലയെ ശക്തിപ്പെടുത്തി മുന്നോട്ടു പോവുകയാണ് നമ്മൾ. ഇന്ന് കേരളത്തിൽ ഇരുപതിനായിരത്തിലധികം മിനി മെറ്റീരിയിൽ കളക്ഷൻ ഫെസിലിറ്റികളും 1,542 എംസിഎഫുകളും സജ്ജമാണ്. 37,772 ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യമുക്ത കേരളം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നുണ്ട്. 90 ലക്ഷം വീടുകളാണ് ഹരിതമിത്രം ആപ്പിലൂടെ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നത്. ബ്രഹ്‌മപുരത്തടക്കം ഉണ്ടായ വലിയ മാറ്റങ്ങൾ നിങ്ങൾ കണ്ടതാണ്.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് നമ്മൾ കുടുംബശ്രീക്ക് രൂപം നൽകിയിട്ട് ഇപ്പോൾ കാൽനൂറ്റാണ്ടിലധികമായി. ഇന്ന് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിച്ചേരുകയാണ്. രണ്ട് ലക്ഷത്തോളം സംരംഭക യൂണിറ്റുകളാണ് കുടുംബശ്രീക്കു കീഴിൽ പ്രവർത്തിക്കുന്നത്. അരലക്ഷത്തോളം അംഗങ്ങൾ ഇപ്പോൾ കുടുംബശ്രീയിലുണ്ട്. കുടുംബശ്രീ ചില പ്രതിസന്ധികൾ നേരിട്ടുണ്ട്. എന്നാൽ, 2016 ൽ അധികാരത്തിൽ വന്ന സർക്കാർ കുടുംബശ്രീയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അതിന്റെ കൂടി ഫലമാണ് നാം ഇന്നു കാണുന്ന വൻ നേട്ടങ്ങൾ. സംരംഭക മേഖലയിലും തൊഴിൽ മേഖലയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഇനിയും നമുക്ക് കൂടുതൽ മെച്ചപ്പെടേണ്ട മേഖലകൾ പലതുമുണ്ട്. അവയിലേക്കു കൂടി ശ്രദ്ധ പതിപ്പിച്ച് നമുക്ക് മുന്നോട്ടു പോകണം.
മെഗാ നഗരങ്ങളും ഉപഗ്രഹ നഗരങ്ങളും ഒരുപോലെ വളരുകയാണ്. ഓരോന്നിനും വേറിട്ടുള്ള കാഴ്ചപ്പാടുകളും പദ്ധതികളും അവതരിപ്പിക്കാൻ നമുക്ക് കഴിയണം. കാലത്തിനിണങ്ങുന്നതും പ്രകൃതിസൗഹൃദപരവുമായ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് ചർച്ചകളുണ്ടാകണം. ക്ഷേമപ്രവർത്തനങ്ങളിൽ വലിയ തോതിൽ ഇടപെടലുണ്ടായിട്ടുണ്ട്. മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മഠങ്ങൾ, മന്ദിരങ്ങൾ, ആശ്രമങ്ങൾ പോലെയുള്ള സ്ഥാപനങ്ങളിൽ കഴിയുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അവിവാഹിതരായ, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രത്യേക സാമൂഹ്യ സുരക്ഷാ പദ്ധതി കേരളം നടപ്പാക്കുകയാണ്. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങൾ പലതരത്തിൽ നാം അനുഭേവിക്കേണ്ടി വരികയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഒപ്പം പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. അതിനുതകുംവിധമുള്ള മാപ്പിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അവയിലെല്ലാം കാര്യക്ഷമമായ മുന്നേറ്റമുണ്ടാക്കാൻ നമുക്ക് കഴിയണം. ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാനാവണം. അവയിലെ ജലം ഉപയോഗിക്കാൻ കഴിയുന്ന നിലയിലേക്ക് എത്തിക്കാനാവണം. പൂർണമായും മാലിന്യമുക്തമായ വെള്ളമായി എല്ലാ ജലസ്രോതസ്സുകളിലെയും വെള്ളം മാറണം.
നഗരവത്കരണത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന പുതിയ സാമ്പത്തിക കാഴ്ചപ്പാടുകളും തൊഴിൽസ്വഭാവവും വിലയിരുത്തേണ്ടതുണ്ട്. ഗിഗ് ഇക്കോണമി വളരുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അവരെ ചേർത്തുപിടിക്കുന്ന സമീപനം സ്വീകരിച്ചിട്ടുണ്ട്. അതുപോലെ വർക്ക് ഫ്രം ഹോം, വർക്ക് എവേ ഫ്രം ഹോം, വർക്ക് എവേ ഫ്രം വർക്ക് പ്ലേസ് തുടങ്ങിയ തൊഴിൽ സംസ്‌കാരങ്ങൾക്ക് ചേരുന്ന വിധത്തിൽ പ്രാദേശിക വികസനം സാധ്യമാകണം.
ബാരിയർ ഫ്രീ കേരള എന്ന ആശയം മുൻനിർത്തിക്കൊണ്ട് എല്ലാ നഗരങ്ങളും എങ്ങനെ പൂർണമായി ഭിന്നശേഷിസൗഹൃദമാക്കാം എന്ന ചർച്ചകളും ഉണ്ടാകണം. ഇത്തരം വിഷയങ്ങൾ മനസ്സിൽ വെച്ച് തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്ത് കേരളത്തിലെ അധികാരവികേന്ദ്രീകൃത പ്രക്രിയയെ കൂടുതൽ ജനക്ഷേമപരമാക്കി മാറ്റാൻ നമുക്ക് കഴിയണം എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
തദ്ദേശസ്വയം ഭരണ വകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതി ദാരിദ്ര്യനിർമാർജനം, ഡിജി കേരളം പദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
തദ്ദേശസ്വയംഭരണം, എക്‌സൈസ്, പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. സാമൂഹ്യക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഫയൽ അധിഷ്ഠിത ഭരണ സംവിധാനത്തിൽ നിന്നും ഡാറ്റ അധിഷ്ഠിത ഭരണ സംവിധാനത്തിലേക്ക് കേരളം മാറി. ഇനിയത് പ്രഡിറ്റീവ് സിസ്റ്റത്തിലേക്ക് വൈകാതെ മാറുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നാലിടങ്ങളിലായി സ്ഥാപിക്കുന്ന റീജിയണൽ സാനിറ്ററി വേസ്റ്റ് ഇൻസിനറേഷൻ ഫെസിലിറ്റിയുടെ രൂപമാതൃക മന്ത്രി എം.ബി രാജേഷ് അനാച്ഛാദനം ചെയ്തു. അതി ദാരിദ്ര്യ നിർമ്മാർജനവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു.
ഇൻഫർമേഷൻ കേരള മിഷൻ ജീവനക്കാർക്കുള്ള ഗുഡ് സർവീസ് സർട്ടിഫിക്കറ്റുകൾ വേദിയിൽ വിതരണം ചെയ്തു. തുടർന്ന് സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം, സ്വരാജ് മാധ്യമ പുരസ്‌കാരം, ലൈഫ് മിഷൻ പുരസ്‌കാരം, ശുചിത്വ ഗ്രേഡിങ് പുരസ്‌കാരം ലഭിച്ചവർ മന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
എം.വി. ഗോവിന്ദൻ മാസ്റ്റർ എംഎൽഎ സ്വാഗതം ആശംസിച്ചു. ഡോ. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ കെ.വി. സുമേഷ്, എം വിജിൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, പ്രിൻസിപ്പൽ ഡയറക്ട്രേറ്റ് അർബൻ ഡയറക്ടർ സൂരജ് ഷാജി, പ്രിൻസിപ്പൽ ഡയറക്ട്രേറ്റ് റൂറൽ ഡയറക്ടർ അപൂർവ്വ ത്രിപാഠി, പ്രിൻസിപ്പൽ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ, കേരള മേയേഴ്സ് കൗൺസിൽ പ്രസിഡന്റ് എം അനിൽകുമാർ, ആന്തൂർ മുൻസിപ്പൽ ചെയർപേർസൺ വി. സതീദേവി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത കുമാരി, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ടി ഷബ്ന, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. കൃഷ്ണൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ എം ഉഷ, കേരള ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ സെക്രട്ടറി വി.വി രമേശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർ ടി.ജെ അരുൺ എന്നിവർ സംസാരിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments