Skip to main content
ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജിൽ പുതിയ കോഴ്‌സുകള്‍ അനുവദിക്കും; മന്ത്രി ഡോ. ആര്‍ ബിന്ദു

ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജിൽ പുതിയ കോഴ്‌സുകള്‍ അനുവദിക്കും; മന്ത്രി ഡോ. ആര്‍ ബിന്ദു

 

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജിന് പുതിയ കോഴ്‌സുകള്‍ അനുവദിക്കാനുള്ള നടപടികള്‍ ഏറ്റവും വേഗത്തില്‍ നടത്തുമെന്നും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ കോഴ്‌സുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍, കാന്റീന്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. കോളജിലെ ചരിത്ര വിഭാഗം തയ്യാറാക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ എ ലൈഫ് ഓഫ് ലീഡര്‍ഷിപ്പ് ആന്‍ഡ് കമ്മിറ്റ്‌മെന്റ് എന്ന പുസ്തകത്തിന്റെ കവര്‍പേജ് ബിനീഷ് കോടിയേരിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷയായി. 

11.20 കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍, കാന്റീന്‍ കെട്ടിടം എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മൂന്ന് നിലകളിലായി പണിതീര്‍ത്ത അക്കാദമിക് ബ്ലോക്കില്‍ ഒന്‍പത് ക്ലാസ് മുറികളും മൂന്ന് സെമിനാര്‍ ഹാളുകളും മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളും പ്രവര്‍ത്തിക്കും. ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകളും ഫയര്‍ സേഫ്റ്റി, ജനറേറ്റര്‍ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. 60 വിദ്യാര്‍ഥിനികള്‍ക്ക് ഒരേസമയം താമസിച്ചു പഠിക്കാന്‍ സൗകര്യമുള്ളതാണ് വനിതാ ഹോസ്റ്റല്‍. രണ്ട് നിലകളിലായി നിര്‍മിച്ച  കാന്റീനില്‍ നൂറുപേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍  സ്‌പോര്‍ട്‌സ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. 

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ്, വൈസ് പ്രസിഡന്റ് കെ.എം സപ്ന, തലശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എം സുകുമാരന്‍, സി സി സി അംഗം ഡോ. എ വത്സലന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ ഉഷ, കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് സിറാജ്, പി.ടി.എ പ്രസിഡന്റ് എന്‍ സജീവന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ അനഘ്, വി.കെ രാകേഷ്, കെ.എം പവിത്രന്‍ മാസ്റ്റര്‍, ടി പ്രേമന്‍ എന്നിവര്‍ പങ്കെടുത്തു.

date