ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവൽ: 13 മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 ഫെബ്രുവരി 21 മുതൽ 23 വരെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 13 മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. 30ാമത് ഐ.എഫ്.എഫ്.കെയുടെ മൽസര വിഭാഗത്തിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങളും മലയാളം സിനിമ റ്റുഡേ വിഭാഗത്തിലെ 11 ചിത്രങ്ങളും ഉൾപ്പെടെയാണ് ഇത്.
ഏഷ്യയിലെ ഏകഗുഹാവാസികളായ ചോലനായ്ക്കർ അഭിനയിച്ച ആദ്യ ചിത്രമാണ് ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'തന്തപ്പേര്'. കർശനമായ നിയമവ്യവസ്ഥകളുള്ള ഗോത്രത്തിൽ തനിക്ക് ഒത്ത ഇണയെ തേടുന്ന പുരുഷന്മാരുടെ കഥയാണ് ഇത്.
ഡൽഹിയിൽ തങ്ങളുടേതായ സുരക്ഷിതമായ ഇടം കണ്ടത്തൊനുള്ള മലയാളിയുവതിയുടെയും പങ്കാളിയുടെയും പരിശ്രമങ്ങളാണ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഖിഡ്കി ഗാവി'ന്റെ പ്രമേയം.
'തന്തപ്പേര്' മുപ്പതാമത് ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകപുരസ്‌കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ്, ഇന്റർനാഷണൽ ജൂറിയുടെ പ്രത്യേകപുരസ്‌കാരം എന്നിവ നേടിയിരുന്നു. മൽസരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാർഡ്, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് എന്നീ അംഗീകാരങ്ങൾ നേടിയ ചിത്രമാണ് 'ഖിഡ്കി ഗാവ്'.
ടി. പത്മനാഭന്റെ പൂച്ചക്കുട്ടികളുടെ വീട്, നായ്ക്കളും മനുഷ്യരും റെനെ ബാസിന്റെ തപാൽപ്പെട്ടിയിലെ പക്ഷികൾ എന്നീ കഥകളെ ആസ്പദമാക്കി ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് 'സമസ്താ ലോക'. 'ആഡംബര ഭക്ഷണശാലയിലെ സംഘർഷത്തിലൂടെ അധികാരത്തിന്റെ രാഷ്ട്രീയം അവതരിപ്പിക്കുകയാണ് ആദിത്യ ബേബിയുടെ 'അംബ്രോസിയ'. സ്ത്രീപുരുഷബന്ധങ്ങളിലെ ആസക്തികളും അസൂയയും പ്രമേയമാക്കുന്ന ജിയോ ബേബിയുടെ 'എബ്ബ'്, കെട്ടുപാടുകളില്ലാത്ത, വിശാലമായ ആൺപെൺബന്ധങ്ങൾ വിഷയമാക്കി മിനി ഐ.ജി സംവിധാനം ചെയ്ത 'ആദിസ്നേഹത്തിന്റെ വിരുന്നുമേശ', ശിഥിലമായ കുടുംബപശ്ചാത്തലത്തിൽനിന്നും വന്ന രണ്ട് സഹോദരിമാരുടെ സംഘർഷഭരിതമായ ജീവിതം അവതരിപ്പിക്കുന്ന അരുൺ വർധന്റെ 'ഒരു അപസർപ്പകകഥ', നിപിൻ നാരായണൻ സംവിധാനം ചെയ്ത 'കാത്തിരിപ്പ്', വിഷ്ണു ജി ബീനയുടെ 'ചാവുകല്യാണം', റിനോഷന്റെ 'ശവപ്പെട്ടി', ശ്രീജിത്ത് എസ്.കുമാർ, ഗ്രിറ്റോ വിൻസെന്റ് എന്നിവർ സംവിധാനം ചെയ്ത 'ശേഷിപ്പ്', ശ്രീകുമാർ കെയുടെ 'അന്യരുടെ ആകാശങ്ങൾ' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
- Log in to post comments