കേരളത്തില്‍ ഉയര്‍ന്ന കരിയര്‍ സാധ്യതകള്‍ പോളിടെക്നിക്കുകളില്‍; മന്ത്രി ഡോ. ആര് ബിന്ദു
കേരളത്തിലെ മറ്റേത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനെക്കാളും കരിയര്‍ സാധ്യതകള്‍ കൂടുതലുള്ളത് പോളിടെക്നിക് ക്യാമ്പസുകളിലാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. കല്ല്യാശ്ശേരി ഇ.കെ.നായനാര്‍ സ്മാരക മോഡല്‍ പോളിടെക്നിക് കോളേജ് കെട്ടിടത്തിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്ന നൂതന ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമുള്ള പിന്തുണ നല്‍കുന്നുണ്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്, കെ ഡിസ്ക്, നോളജ് എക്കണോമിക് മിഷന് തുടങ്ങിയവയുമായി ബന്ധപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 1.5 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 901.68 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ അഞ്ച് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, വരാന്ത, ശൗചാലയങ്ങള്‍, രണ്ട് സ്റ്റെയര്‍ കേസുകള്‍ തുടങ്ങിയവയാണ് പണിതിട്ടുളളത്. പ്രവേശന കവാടത്തിന്റെ നിര്‍മാണത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്.
എം വിജിന് എം എല്‍ എ അധ്യക്ഷനായി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.പി സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് ബബിത കുമാരി, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ഓമന പങ്കന്, വൈസ് പ്രസിഡന്റ് സി പ്രദീപന് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രേണുക, മുന്‍ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണന്, സംഘാടക സമിതി വൈസ് ചെയര്മാന് കെ ബിജുമോന്, എച്ച്.ഒ.എസ് പി ആര് അനില്‍കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ പി സജിത്ത്, യൂണിയന് ചെയര്മാന് ടി അദ്വൈത് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments