Skip to main content

ഉഷ്ണ തരംഗത്തെ നേരിടാന്‍ കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പും സജ്ജമായി;  ജില്ലാ വെറ്റിനറി കേന്ദ്രം കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

 

വേനല്‍ക്കാലം ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം ദുരിത കാലം തന്നെയാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഈ കാലഘട്ടത്തില്‍ പശുക്കള്‍ക്ക് നേരിടേണ്ടി വരുന്ന താപ സമ്മര്‍ദ്ദമാണ് ഈ ദുരിതത്തിന്റെ അടിസ്ഥാന കാരണം. കാസര്‍കോട് ജില്ലയില്‍ നിലവില്‍ നല്ലൊരു ശതമാനവും സങ്കരയിനത്തില്‍പെട്ട ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പശുക്കളാണ്. കൃത്രിമ ബീജധാനം വഴി ഉരുതിരിഞ്ഞ അത്യുല്പാദന ശേഷിയുള്ള ഇത്തരം പശുക്കള്‍ക്ക് നാടന്‍ പശുക്കളെ അപേക്ഷിച്ചു ഉയര്‍ന്ന ചൂടും അന്തരീക്ഷ ആര്‍ദ്രതയും താങ്ങാനുള്ള ശേഷി കുറവാണ്. വേനല്‍ക്കാലങ്ങളില്‍ താപനില ഉയരുന്നതിനനുസരിച്ചു പശുക്കളില്‍ വ്യത്യസ്ത ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. വര്‍ധിച്ച ശ്വസനം, തുടര്‍ന്ന് വായ തുറന്ന ശ്വസനം, ഉമിനീരോലിപ്പ്, കിതപ്പ് എന്നിവയാണ്. തുടര്‍ന്ന് ചൂടിന്റെ കാഠിന്യം കൂടി വരുമ്പോള്‍ വിറയല്‍, ശരീരത്തിന്റെ ഏകോപനം നഷ്ടപെട്ട അവസ്ഥ എന്നിവയിലേക്ക് നയിക്കും. കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. പകല്‍ 10- നും 4- നും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും കെട്ടിയിടുന്നതും ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും ഒഴിവാക്കണം.

ചൂട് കൂടുതലുള്ള സമയങ്ങളില്‍ പശുക്കളെ തൊഴുത്തില്‍ നിന്നിറക്കി പുറത്തുള്ള തണലുള്ള സ്ഥലങ്ങളില്‍ പാര്‍പ്പിക്കണം. പശുക്കളെ വാഹനത്തില്‍ കയറ്റിയുള്ള ദീര്‍ഘയാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. കഴിയുമെങ്കില്‍ തൊഴുത്തിനുള്ളില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ച് നല്‍കണം. മേല്‍ക്കൂരയില്‍ ഫാനുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ നല്ലത് പശുക്കളുടെ തലയില്‍ അല്ലെങ്കില്‍ നെറ്റിയില്‍ കാറ്റ് പതിക്കും വിധം തൂണില്‍ സ്ഥാപിച്ചതോ അല്ലങ്കില്‍ പെഡസ്റ്റല്‍ ഫാനുകളോ ആണ്. തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് കീഴെ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. തൊഴുത്തില്‍ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേല്‍ക്കൂര നനച്ച് നല്‍കാവുന്നതാണ്. ചണച്ചാക്ക് കീറി തണുത്തവെള്ളത്തില്‍ നനച്ച് പശുക്കളുടെ കഴുത്തില്‍ തൂക്കിയിടുന്നതും ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

സ്പ്രിംഗ്ലര്‍, ഷവര്‍, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിട്ട് നേരം ഇവ പ്രവര്‍ത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം. നിര്‍ജ്ജലീകരണം തടയാനും, പാല്‍ ഉത്പാദനനഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പശുക്കള്‍ക്ക് കുടിക്കാന്‍ വേണ്ടത്ര വെള്ളം വെള്ളത്തൊട്ടിയില്‍ നിറച്ചുവെക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗള്‍ സംവിധാനം ഒരുക്കിയാല്‍ എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. കാലിതീറ്റയും വൈക്കോലും നല്‍കുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോല്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച് തീറ്റയായി നല്‍കാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മള്‍ബറി, ഈര്‍ക്കില്‍ മാറ്റിയ തെങ്ങോല പോലുള്ള ഇലതീറ്റകളും നല്‍കണം.

അണപ്പിലൂടെ ഉമിനീര്‍ കൂടുതലായി നഷ്ടപ്പെടുന്നത് കാരണം പശുക്കളുടെ ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്കാം. ഒരു കിലോഗ്രാം സാന്ദ്രീകൃത കാലിതീറ്റക്ക് 10 ഗ്രാം എന്ന കണക്കില്‍ ധാതു ജീവക മിശ്രിതവും, ആകെ തീറ്റയില്‍ 10 മുതല്‍ 25 ഗ്രാം വരെ കല്ലുപ്പും ചേര്‍ത്ത് നല്‍കുന്നതും ഗുണകരമാണ്. വേനല്‍ക്കാലത്ത് പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിക്കുന്നതും മദിയുടെ ദൈര്‍ഘ്യവും കുറയാനിടയുള്ളതിനാല്‍ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം. പശുക്കളില്‍ കൃത്രിമ ബീജാധാനം തണലുള്ള സ്ഥലത്ത് വെച്ച് നടത്തണം. കടുത്ത ചൂടുള്ള സമയങ്ങളില്‍ കൃത്രിമബീജാധാനം നടത്തുന്നത് ഒഴിവാക്കണം. രോഗാണുവാഹകരായ പട്ടുണ്ണി പരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് വേനല്‍. പശുക്കളുടെ മേനി പരിശോധിച്ചാല്‍ രോമകൂപങ്ങള്‍ക്കിടയില്‍ പറ്റിപ്പിടിച്ച് നിന്ന് രക്തം കുടിക്കുന്ന പട്ടുണ്ണികളെ കാണാം. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. ഏതെങ്കിലും അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്.

ഓമന മൃഗങ്ങള്‍ക്കും വളര്‍ത്തു പക്ഷികള്‍ക്കും വേണം കരുതല്‍

അടച്ചിട്ട മുറികളിലും വായു സഞ്ചാരമില്ലാത്ത മുറികളിലും ഓമന മൃഗങ്ങളെ പാര്‍പ്പിക്കരുത്. ഫാനുകളോ എയര്‍ കൂളറുകളോ ഉള്ള റൂമുകളില്‍ പാര്‍പ്പിക്കണം. രോമമുള്ള മൃഗങ്ങളുടെ രോമം വെട്ടി ചെറുതാക്കുന്നത് ചൂട് കുറക്കാന്‍ സഹായിക്കും. ഓമന മൃഗങ്ങളെ കോണ്‍ക്രീറ്റ് കൂടുകളില്‍ പാര്‍പ്പിക്കുമ്പോള്‍ മേല്‍ക്കൂര ചാക്ക് കൊണ്ടു നനക്കേണ്ടതാണ്. നായ്ക്കള്‍ക്ക് വിയര്‍പ്പു ഗ്രന്ഥിയില്ലാത്തതിനാല്‍ ചൂടുകാലത്ത് കൂടുതല്‍ ശ്രദ്ധ വേണം. നായ്ക്കളില്‍ നിര്‍ജ്ജലീകരണത്തിന്റെ ഭാഗമായി രക്തം കലര്‍ന്ന വയറിളക്കം, ധമനികളില്‍ രക്തം കട്ട പിടിക്കല്‍, ഹൃദയതാളം തെറ്റുക, വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെടുക എന്നിവ ഉണ്ടാകുന്നു. അരുമ മൃഗങ്ങളില്‍ സൂര്യതാപമേറ്റാല്‍ പ്രഥമ ശുശ്രൂഷ ഏറെ പ്രധാനമാണ്. ചൂടുള്ള സ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് ഉടന്‍ മാറ്റുക, തല ഉയര്‍ത്തി പിടിച്ചു കഴുത്തു വരെയുള്ള ഭാഗം വെള്ളത്തില്‍ മുക്കുക, തണുത്ത തുണി കൊണ്ട് ശരീരം പൊതിയുക, തണുത്ത തുണി കൊണ്ട് ശരീരം പൊതിയുക, തണുത്ത ജലം കുടിക്കാന്‍ നല്‍കുക, പോഷകാഹാരം നല്‍കുക എന്നിവ ചെയ്യേണ്ടതാണ്.കൂട്ടിലിട്ടു വളര്‍ത്തുന്ന വളര്‍ത്തു പക്ഷികള്‍ക്ക് ദിവസം മുഴുവന്‍ തണുത്ത ശുദ്ധ ജലം ലഭ്യമാക്കണം.ഉച്ച സമയത്ത് 500 കോഴികള്‍ക്ക് അര ലിറ്റര്‍ തൈര് കുടിവെള്ളത്തില്‍ നല്‍കുന്നത് വഴി ശരീര താപം കുറക്കാന്‍ സഹായിക്കും .സൂര്യ താപം മൂലമുള്ള സമ്മര്‍ദ്ദം കുറക്കാന്‍ ആവശ്യമായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശമാനുസരണം നല്‍കേണ്ടതാണ്. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ വിറ്റാമിന്‍ മിശ്രിതവും തീറ്റയില്‍ ചേര്‍ത്ത് നല്‍കണം. സൂര്യഘാതം മൂലം വളര്‍ത്തു മൃഗങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടാല്‍ അത്തരം സംഭവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. വി. ബിന്ദു അറിയിച്ചു.  ഫോണ്‍ നമ്പര്‍- 04994224624.

date