Skip to main content

മൂന്നാമത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിന് ശനിയാഴ്ച തിരി തെളിയും; ഇറ്റ് വോസ് ജസ്റ്റ് ആൻ ആക്സിഡന്റ് ഉദ്ഘാടന ചിത്രം

 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 21 ശനിയാഴ്ച (21.02.2026) തിരി തെളിയും. തളിപ്പറമ്പിലെ ക്ലാസിക്, ക്ലാസിക് ക്രൗൺ, ആലിങ്കീൽ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ തിരഞ്ഞെടുത്ത 34 സിനിമകൾ പ്രദർശിപ്പിക്കും. ശനിയാഴ്ച രാവിലെ 9.45 മുതൽ പ്രദർശനങ്ങൾ ആരംഭിക്കും. ഫെബ്രുവരി 23 വരെയാണ് മേള.
ഉദ്ഘാടന ചിത്രമായി ജാഫർ പനാഹിയുടെ 'ഇറ്റ് വോസ് ജസ്റ്റ് ആൻ ആക്സിഡന്റ്' പ്രദർശിപ്പിക്കും. ക്ലാസിക് തിയേറ്ററിൽ വൈകിട്ട് ആറുമണിക്കാണ് പ്രദർശനം. 2025ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാംദോർ ലഭിച്ച സിനിമയാണിത്. മികച്ച വിദേശഭാഷാ ചിത്രം, തിരക്കഥ എന്നീ വിഭാഗങ്ങളിൽ ഓസ്‌കർ നോമിനേഷനുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 
ഇക്കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ, ഫെസ്റ്റിവൽ ഫേവറിറ്റ്സ്, ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്, ഫിമെയ്ൽ ഫോക്കസ്, പലസ്തീൻ പാക്കേജ് എന്നീ വിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. എല്ലാ ദിവസവും ഓരോ തിയേറ്ററിലും നാലു പ്രദർശനങ്ങൾ വീതം ഉണ്ടായിരിക്കും. ഓപ്പൺ ഫോറം, എക്സിബിഷൻ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

മുഖ്യ ആകർഷണങ്ങൾ

മുൻനിര ചലച്ചിത്രമേളകളിൽ ഉന്നത പുരസ്‌കാരങ്ങൾ നേടിയ ഒമ്പത് സമകാലിക ലോകസിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ഫെസ്റ്റിവൽ ഫേവറിറ്റ്സ്, ലോകസിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. കഴിഞ്ഞ വർഷം ചലച്ചിത്രമേളകളിൽ പ്രേക്ഷകപ്രീതി നേടിയ മുന്നു ചിത്രങ്ങൾ ഫെസ്റ്റിവൽ ഫേവറിറ്റ്സ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. സിറാത്ത്, എ പോയറ്റ്, സെന്റിമെന്റൽ വാല്യു എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകസിനിമാ വിഭാഗത്തിൽ ആറ് സിനിമകൾ പ്രദർശിപ്പിക്കും. ദ തിങ്സ് യു കിൽ, ദ ലവ് ദാറ്റ് റിമെയ്ൻസ്, ഡി.ജെ അഹ്‌മത്, റിവർ സ്റ്റോൺ, ബീഫ്, പാപ്പ ബുക്ക എന്നിവയാണ് ഇവ. 
കാൻ മേളയിൽ ഗ്രാന്റ് പ്രി നേടിയ ചിത്രമാണ് യോകിം ട്രിയർ സംവിധാനം ചെയ്ത 'സെന്റിമെന്റൽ വാല്യു'. മികച്ച ചിത്രം, സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിൽ ഒമ്പത് ഓസ്‌കർ നോമിനേഷനുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഒലിവർ ലാക്സെയുടെ 'സിറാത്ത്' കാൻ ചലച്ചിത്രമേളയിൽ ജൂറി പ്രൈസ് നേടിയ ചിത്രമാണ്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കർ നോമിനേഷൻ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സ്പാനിഷ് ചിത്രമായ 'എ പോയറ്റ്' കാൻമേളയിൽ അൺസേട്ടൻ റിഗാർഡ് വിഭാഗത്തിലെ ജൂറി പ്രൈസ് നേടിയിട്ടുണ്ട്. ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള സുവർണ മയൂരം ഇതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉബൈമർ റിയോസ് നേടുകയുണ്ടായി. സൺഡാൻസ് ഫെസ്റ്റിവലിൽ പ്രേക്ഷകപുരസ്‌കാരം നേടിയ 'ഡിജെ അഹ്‌മത്' മാസിഡോണിയയിലെ 15കാരനായ ഗ്രാമീണബാലന്റെ കഥ പറയുന്നു. ഷാങ്ഹായ് ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ശ്രീലങ്കൻ ചിത്രമാണ് 'റിവർസ്റ്റോൺ'. 
സൺഡാൻസ് ഫെസ്റ്റിവലിന്റെ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച 'ദ തിങ്സ് യു കിൽ' എന്ന തുർക്കി ചിത്രം അമ്മയുടെ ദുരൂഹമരണത്തിനെ തുടർന്ന് പ്രതികാരത്തിന് ഇറങ്ങിത്തിരിക്കുന്ന സർവകലാശാല അധ്യാപകന്റെ കഥയാണ്. മാതാപിതാക്കൾ വേർപിരിഞ്ഞ ഒരു കുടുംബത്തിന്റെ അനുഭവങ്ങളാണ് ദ ലവ് ദാറ്റ് റിമെയ്ൻസ് എന്ന ഐസ്ലാന്റ് ചിത്രം അവതരിപ്പിക്കുന്നത്. സ്പാനിഷ് ചിത്രമായ ബീഫ് ബാഴ്സിലോണിയൻ റാപ് സംഗീതരംഗത്ത് ചുവടുറപ്പിക്കാൻ വെമ്പുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. 
മേളയിൽ പലസ്തീനിൽ നിന്നുള്ള രണ്ട്  ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാസർ സഹോദരന്മാർ സംവിധാനം ചെയ്ത 'വൺസ് അപോൺ എ ടൈം ഇൻ ഗാസ', ആൻ മേരി ജാസിറിന്റെ 'പലസ്തീൻ 36' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 2025ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ടാർസൻ നാസർ, അറബ് നാസർ എന്നിവർക്ക് നേടിക്കൊടുത്ത ചിത്രമാണ് 'വൺസ് അപോൺ എ ടൈം ഇൻ ഗാസ'. 1936-39 കാലയളവിൽ ബ്രിട്ടീഷ് അധിനിവേശത്തിന് എതിരെയും വർധിച്ചുവരുന്ന സയണിസ്റ്റ് കുടിയേറ്റത്തിന് എതിരെയും പലസ്തീനികൾ നടത്തിയ ചെറുത്തുനിൽപ്പിന്റെ കഥയാണ് 'പലസ്തീൻ 36'. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് പലസ്തീനിന്റെ ഔദ്യോഗിക എൻട്രിയാണിത്. 30ാമത് ഐ.എഫ്.എഫ്.കെയുടെ അന്താരാഷ്ട്ര മൽസര വിഭാഗത്തിലെ ആറ് സിനിമകളും മൂന്ന് ഇന്ത്യൻ സിനിമകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓപൺ ഫോറം

മേളയുടെ ഭാഗമായി ക്ലാസിക് തിയേറ്റർ പരിസരത്ത് ഫെബ്രുവരി 22,23 തീയതികളിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ചലച്ചിത്രസംവാദ പരിപാടിയിൽ പ്രമുഖ ചലച്ചിത്രപ്രവർത്തകരും നിരൂപകരും പങ്കെടുക്കും.

എക്സിബിഷൻ

ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ അഫയേഴ്സ് വകുപ്പുമായി സഹകരിച്ച് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 'ദ സബാൾട്ടേൺ വോയ്സ്' എന്ന എക്സിബിഷൻ തളിപ്പറമ്പ് ഹാപ്പിനെസ് സ്‌ക്വയറിൽ സജ്ജീകരിക്കും. ഘട്ടക്കിന്റെ വ്യക്തിജീവിതവും ചലച്ചിത്രജീവിതവും അനാവരണം ചെയ്യുന്ന നൂറോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്്.

കലാസാംസ്‌കാരിക പരിപാടികൾ

മേളയുടെ ഭാഗമായി ഹാപ്പിനെസ് സ്‌ക്വയറിൽ രണ്ട് സംഗീത പരിപാടികൾ സംഘടിപ്പിക്കും. 21ന് ശനിയാഴ്ച വൈകിട്ട് 6.30ന് സമീർ ബിൻസിയുടെ സൂഫി സംഗീത പരിപാടിയും 22 ഞായറാഴ്ച വൈകിട്ട് 2024ലെ മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സെബ ടോമി നയിക്കുന്ന സംഗീതപരിപാടിയും സംഘടിപ്പിക്കും.

സമാപനം
മേളയുടെ സമാപനച്ചടങ്ങ് ഫെബ്രുവരി 23 തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് ക്ലാസിക് തിയേറ്ററിൽ നടക്കും. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ഡോ. റസൂൽ പൂക്കുട്ടി, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, കെ.എസ്.എഫ്.ഡി.സി ചെയർപേഴ്സൺ കെ. മധു, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ തുടങ്ങിയവർ പങ്കെടുക്കും.

date