Skip to main content
Sand Removal Chellanam

തീരദേശം സാധാരണ ജീവിതത്തിലേക്ക്; ഊര്‍ജിത രക്ഷാപ്രവര്‍ത്തനവും ആശ്വാസ നടപടികളുമായി ജില്ല ഭരണകൂടം

· രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക റെസ്‌ക്യൂ ടീം

· കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു പോയ ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും

· സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ-ശുചിത്വ മിഷന്‍ വകുപ്പുകള്‍

· പൊതുസ്ഥലങ്ങളിലും പരിസരങ്ങളിലും ക്ലോറിനേഷന്‍

· കുടുംബങ്ങള്‍ക്ക് 15 കിലോ അരി 

കൊച്ചി: ഓഖി ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭവും ദുരിതത്തിലാക്കിയ തീരദേശവാസികളുടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ചെല്ലാനം, വൈപ്പിന്‍, ഞാറയ്ക്കല്‍, നായരമ്പലം മേഖലകളില്‍ ജനജീവിതം സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. ചെല്ലാനം, നായരമ്പലം എന്നിവിടങ്ങളിലായി രണ്ടു ദുരിതാശ്വാസ ക്യാംപുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചെല്ലാനത്തെ സെന്റ് മേരീസ് യു.പി സ്‌കൂളിലെ ക്യാംപില്‍ 50 കുടുംബങ്ങളിലെ 170 പേരും നായരമ്പലത്ത് ജിവിയുപിഎസിലെ ക്യാംപില്‍ 75 കുടുംബങ്ങളില്‍ നിന്നായി 183 പേരുമാണ് ഇപ്പോഴുള്ളത്.

ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സേവനവും എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ജില്ല ഭരണകൂടം ജാഗ്രത പുലര്‍ത്തുന്നുണ്ട്. കൂടാതെ ക്യാംപുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയവര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുവരുന്നു. ക്യാമ്പില്‍ കഴിയുന്നവരെ സഹായിക്കാന്‍ സന്നദ്ധസംഘടനകളും രംഗത്തുണ്ട്. ചെല്ലാനം മേഖലയില്‍ വീടുകളിലും പരിസരത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ദുരന്ത നിവാരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്.

ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും ഫിഷറീസ്, പോലീസ്, റവന്യൂ വകുപ്പ് മേധാവികള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 

കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായി കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സതേണ്‍ നേവല്‍ കമാന്‍ഡില്‍ റെസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ ടീമിനെയും നിയോഗിച്ചതായി കളക്ടര്‍ അറിയിച്ചു. നാവികസേന, തീരരക്ഷാസേന, ജില്ല ഭരണകൂടം, ഫിഷറീസ്, കോസ്റ്റല്‍ പോലീസ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സഹകരണത്തോടെയാണ് റെസ്‌ക്യൂ ടീം പ്രവര്‍ത്തിക്കുക.

മറ്റു സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ എത്തപ്പെട്ട കേരളീയ മത്സ്യബന്ധന തൊഴിലാളികളെ കുറിച്ചുള്ള വിവരം ലഭ്യമാക്കല്‍, കേരളത്തിലും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത് കാണാതായ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള അടിയന്തിര നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുക, എന്നീ സുപ്രധാന ദൗത്യങ്ങളാണ് റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുക.        

കടലാക്രമണത്തില്‍ വൈപ്പിന്‍, ചെല്ലാനം, ഞാറയ്ക്കല്‍ മേഖലകളിലെ നിരവധി വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്നിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന സെപ്റ്റിക് ടാങ്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. ഇതിന് ചെലവാകുന്ന തുക സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭ്യമാക്കും. ചില വീടുകളിലെ ടാങ്കുകള്‍ പൂര്‍ണ്ണമായും പുനഃനിര്‍മ്മിക്കേണ്ടതുണ്ട്. പൂര്‍ണ്ണമായും പുനനിര്‍മ്മിക്കേണ്ട ടാങ്കുകളുടെ എണ്ണം കണക്കാക്കി വരുന്നു. ചില വീടുകളിലെ സെപ്റ്റിക് ടാങ്കുകളില്‍ നാല് അടി കനത്തില്‍ മണ്ണ് മൂടിയിതനാല്‍ പുതിയ ടാങ്ക് നിര്‍മ്മിക്കേണ്ടി വരും. 

ആശുപത്രിയില്‍ കഴിയുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് വാഹനങ്ങളില്‍ സ്വദേശങ്ങളില്‍ എത്തിക്കും. മൃതദേഹങ്ങള്‍ എത്തിക്കുന്നതിനും തിരച്ചില്‍ നടത്തുന്നതിന് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതിനും വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മറ്റുമായി കൊച്ചി തഹസില്‍ദാര്‍ക്ക് 15 ലക്ഷം രൂപയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരു ലക്ഷം രൂപയും കളക്ടര്‍ അനുവദിച്ചു. മൃതദേഹങ്ങള്‍ രാത്രി പകല്‍ ഭേദമില്ലാതെ ഉടന്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് വിട്ടു നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹം ഡിഎന്‍എ പരിശോധന നടത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. 

ദുരിതബാധിത മേഖലകളില്‍ തിങ്കളാഴ്ച്ചയാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ ആരംഭിച്ചത്. ആദ്യ ദിവസം ആറ് ടാങ്കറുകളാണ് ശുചീകരണത്തിനുണ്ടായിരുന്നത്. ചെല്ലാനത്ത് നാല് ടാങ്കറുകളും വൈപ്പിനില്‍ രണ്ട് ടാങ്കറുകളും നിയോഗിച്ചു. സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് ഭൂഗര്‍ഭജലം കൂടി പമ്പു ചെയ്തു നീക്കേണ്ടി വരുന്നതാണ് ശുചീകരണം നീളുന്നതിന് കാരണം. ചില വീടുകളിലേക്ക് ടാങ്കര്‍ കയറാന്‍ വഴിയില്ലാത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചെറുവാഹനങ്ങള്‍ ഉപയോഗിച്ച് ഈ പ്രതിസന്ധി പരിഹരിക്കും. ഇന്നലെ ഒമ്പത് ടാങ്കറുകള്‍ ശുചീകരണം നടത്തി. കൂടുതല്‍ ടാങ്കറുകള്‍ രംഗത്തിറക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

കടല്‍ക്ഷോഭം 3360 വീടുകളെ ബാധിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി ഭീഷണി ഒഴിവാക്കാന്‍ ഈ വീടുകളിലും പരിസരത്തും ക്ലോറിനേഷന്‍ നടത്തിവരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊതു ശുചിമുറികള്‍, വീടുകളിലെ ശുചിമുറികള്‍ എന്നിവ പരിശോധിച്ച് ഉപയോഗ്യമാണെന്ന് സര്‍ട്ടിഫൈ ചെയ്യാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിന് ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.  ജെസിബി ഉപയോഗിച്ച് വീടുകളുടെ ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുന്നതിനും കനാല്‍ വൃത്തിയാക്കലിനും ആവശ്യമായ സജ്ജീകരണം ഏര്‍പ്പെടുത്താന്‍ കൊച്ചി തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 7.5 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി  പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച് കണക്കുകള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള അപകടത്തില്‍പ്പെട്ട ബോട്ടുകളെക്കുറിച്ചുള്ള വിലയിരുത്തല്‍ അതാത് സ്ഥലങ്ങളില്‍ തന്നെ നടത്തും. ദുരന്തബാധിത മേഖലയില്‍ ഒരു കുടുംബത്തിന് 15 കിലോ സൗജന്യ അരി നല്‍കും. ദുരിതാശ്വാസ ക്യാംപിലെത്തിയ എല്ലാവര്‍ക്കും സൗജന്യ അരി നല്‍കും. കൂടാതെ ദുരന്തബാധിത മേഖലയിലെ ആവശ്യമുള്ള എല്ലാവര്‍ക്കും അരി നല്‍കുന്നതിന് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍, ഡിഎംഒ എസ്. ശ്രീദേവി, ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, പോലീസ്, റവന്യൂ, ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.  

 

date