ഹാപ്പിനെസ് ഫെസ്റ്റിവലിനെ വരവേറ്റ് തളിപ്പറമ്പ്
മൂന്നാമത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിനെ വരവേറ്റ് തളിപ്പറമ്പ്. ക്ലാസിക് തീയേറ്റർ പരിസരത്ത് ബലൂണുകൾ ആകാശത്തേക്കു പറത്തിയാണ് ഡെലിഗേറ്റുകൾ മേളയെ വരവേറ്റത്. നടൻ ഇർഷാദ്, സംഘാടക സമിതി കൺവീനറും സംവിധായകനുമായ ഷെറി ഗോവിന്ദൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് , സംവിധായകരായ ഷെരീഫ് ഈസ, പ്രതാപ് ജോസഫ് തുടങ്ങിയവർ
നേതൃത്വം നൽകി. തുടർന്ന് ഉദ്ഘാടന ചിത്രമായ ഇറ്റ് വോസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് പ്രദർശിപ്പിച്ചു.
കാണികളുടെ ഹൃദയം കവർന്ന് ഇറ്റ് വോസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്
2025ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി'ഓർ ലഭിച്ച സിനിമയാണ് ഇറ്റ് വോസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് . മികച്ച വിദേശഭാഷാ ചിത്രം, തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ഓസ്‌കര്‍ നോമിനേഷനുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ജാഫര്‍ പനാഹിയുടെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെ ഇറാനിലെ ഭരണകൂട പീഡനങ്ങളെയും സാമൂഹിക വ്യവസ്ഥയെയും വളരെ ശക്തമായും അതേസമയം രസകരമായ കറുത്ത ഹാസ്യത്തിലൂടെയുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ടെഹ്‌റാനിലെ ഒരു കാര്‍ മെക്കാനിക്കായ വാഹിദ്, തന്റെ ഗാരേജില്‍ എത്തിയ ഒരാളുടെ കൃത്രിമക്കാലിന്റെ ശബ്ദത്തില്‍ നിന്ന് അയാള്‍ പണ്ട് തന്നെ ജയിലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നു. അയാളെ തട്ടിക്കൊണ്ടുപോയി മരുഭൂമിയില്‍ ജീവനോടെ കുഴിച്ചുമൂടാന്‍ വാഹിദ് ശ്രമിക്കുന്നു. എന്നാല്‍, പിടിയിലായ ആള്‍ താന്‍ നിരപരാധിയാണെന്ന് വാദിക്കുന്നതോടെ വാഹിദിന് ആശയക്കുഴപ്പമുണ്ടാകുന്നു. തുടര്‍ന്ന് തന്റെ കൂടെ ജയിലില്‍ പീഡനം അനുഭവിച്ച മറ്റ് സുഹൃത്തുക്കളെയും കൂടെ കൂട്ടുന്നതും അന്വേഷണം തുടരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. 104 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
- Log in to post comments