വേർപിരിയലിന്റെ കഥ പറഞ്ഞ് ഐസ്ലാൻഡിക് ചിത്രം, ചലച്ചിത്ര മേളയിൽ തരംഗമായി 'ദി ലവ് ദാറ്റ് റിമെയ്ൻസ്'
ആവേശകരമായ രണ്ടാം ദിനത്തിലേക്ക് കടന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഐസ്ലാൻഡിക് ചിത്രം 'ദി ലവ് ദാറ്റ് റിമെയ്ൻസ്' പ്രേക്ഷകരുടെ കയ്യടി നേടി . ലോകപ്രശസ്ത സംവിധായകൻ ഹ്ലൈനർ പൽമാസൺ ഒരുക്കിയ ഈ ചിത്രം പ്രണയബന്ധങ്ങൾ തകർന്നാലും അതിനുശേഷം മനുഷ്യർക്കിടയിൽ അവശേഷിക്കുന്ന വൈകാരിക ബന്ധങ്ങളെയാണ് പ്രമേയമാക്കിയിരിക്കുന്നത്.
വേർപിരിഞ്ഞതിന് ശേഷം സ്വന്തം വ്യക്തിത്വം കണ്ടെത്താൻ ശ്രമിക്കുന്ന അന്ന എന്ന കലാകാരിയുടെയും, കുടുംബവുമായുള്ള ബന്ധം പൂർണ്ണമായി ഉപേക്ഷിക്കാൻ കഴിയാത്ത ഭർത്താവ് മാഗ്നസിന്റെയും കഥയാണിത്. ഐസ്ലാൻഡിലെ അതിമനോഹരമായ പ്രകൃതി പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഒരു കുടുംബത്തിന്റെ ഒരു വർഷത്തെ ജീവിതമാറ്റങ്ങളെ വളരെ നിശബ്ദവും കവിതാത്മകവുമായി അവതരിപ്പിക്കുന്നു. ലളിതമായ ജീവിത നിമിഷങ്ങളിലൂടെ വലിയ ദർശനങ്ങൾ പങ്കുവെക്കുന്നു എന്നതാണ് ഈ സിനിമയുടെ സവിശേഷത.ചിത്രത്തിലെ പ്രധാന ആകർഷണമായ 'പാണ്ട' എന്ന വളർത്തുനായ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം നേടിയിരുന്നു.
തളിപ്പറമ്പിന്റെ മണ്ണിൽ ലോകസിനിമയുടെ വസന്തം തീർത്ത ഹാപ്പിനസ് ഫെസ്റ്റിവൽ മൂന്നാം വർഷവും വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. പ്രാദേശിക സിനിമാ പ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയൊരു ജനവിഭാഗം മേളയിൽ പങ്കുചേരുന്നുണ്ട്. ഫെബ്രുവരി 23 ന് മേള സമാപിക്കും.
പലസ്തീനി പ്രതിരോധത്തിന്റെ കഥ പറയുന്ന വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഗാസ തിങ്കളാഴ്ച പ്രദർശിപ്പിക്കും
വർത്തമാനകാല ഗാസയുടെ രാഷ്ട്രീയ ആശയക്കുഴപ്പം, സാമ്പത്തിക പ്രതിസന്ധി, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ എന്നിവയുടെ നേർകാഴ്ച്ചയാകുന്ന 'വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഗാസ' ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ക്രൗൺ തീയറ്ററിലാണ് സിനിമ പ്രദർശിപ്പിക്കുക.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് 2025 ൽ ഗാസയെ മിഡിൽ ഈസ്റ്റ്ന്റെ വിനോദസഞ്ചാര സ്വർഗ്ഗം ആക്കുന്നത് സംബന്ധിച്ച് നടത്തിയ പരാമർശത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.
ഗാസയിലെ തന്റെ സുഹൃത്തായ ഒസാമയുടെ ഫലാഫൽ കടയിൽ ജോലി ചെയ്യുന്ന യഹിയയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതം തകർക്കുന്നു.
പിന്നീട് അവരിൽ ഒരാൾ രാഷ്ട്രീയ പ്രചാരണ ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിതനാകുന്നു. ഹാസ്യവും ദുഃഖവും ചേർത്ത്, സംഘർഷഭൂമിയിലെ യുവാക്കളുടെ സ്വപ്നങ്ങളും നിരാശയും പ്രതിരോധവും സിനിമ അവതരിപ്പിക്കുന്നു. അറബ് നാസ്സർ, തർസാൻ നാസ്സർ എന്നിവർ സംവിധാനം ചെയ്ത സിനിമ ക്രൈം, ത്രില്ലർ, ഡ്രാമ വിഭാഗത്തിൽ പ്പെടുന്നുന്നതാണ്.
സിമോൺ മെസ്സാ സോട്ടോയുടെ എ പോയറ്റ്, ചോല നായ്ക്കരുടെ ഭാഷയിൽ ഉണ്ണികൃഷ്ണൻ വെള്ളിത്തിരയിലെത്തിച്ച തന്തപ്പേർ, കാൻ ഫിലിം ഫെസ്റ്റിവലിൽ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയ ഒലിവർ ലാക്സേ യുടെ സിറാത്ത് തുടങ്ങിയ ഒൻപത് സിനിമകളാണ് തിങ്കളാഴ്ച വിവിധ തീയറ്ററുകളിൽ പ്രദർശിപ്പിക്കുക.
- Log in to post comments