പുഴാതി കുടുംബാരോഗ്യ കേന്ദ്രം 25ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി പുഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യം-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫെബ്രുവരി 25ന് ഉച്ചക്ക് 1.30ന് ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
1972 ല്‍ റൂറല്‍ ഡിസ്പെന്‍സറി ആയി പ്രവര്‍ത്തനം ആരംഭിക്കുകയും കാലക്രമേണ പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുകയും നിലവില്‍ 79 സെന്റ് സ്ഥലത്ത് കുടുംബാരോഗ്യ കേന്ദ്രമായി മാറുകയുമാണ് പുഴാതിയിലെ ഈ ആരോഗ്യ കേന്ദ്രം. എഫ്.എച്ച്.സി ആയി ഉയര്‍ത്തുമ്പോള്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1.43 കോടി രൂപയാണ് കെട്ടിട നിര്‍മ്മാണത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും നീക്കിവച്ചത്.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പുഴാതി സോണല്‍ എട്ടാം ഡിവിഷനിലുള്ള പുഴാതി പി.എച്ച്.സി, അഴീക്കോട് ഹെല്‍ത്ത് ബ്ലോക്കിന്റെ കീഴിലാണ് വരുന്നത്. കണ്ണൂര്‍ നഗര പരിധിയില്‍ സ്ഥിതി ചെയ്യുന്ന പി.എച്ച്.സിയില്‍ ദിനംപ്രതി 150 രോഗികളാണ് ചികിത്സയ്ക്ക് എത്താറുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ പ്രദേശമായതിനാല്‍ പ്രസ്തുത വിഭാഗത്തില്‍ വരുന്ന രോഗികളും ഇവിടെ ചികിത്സയ്ക്ക് ധാരാളമായി എത്തിപ്പെടുന്നുണ്ട്.
ലാബ്, പ്രീ-ചെക്ക് അപ്പ് ഏരിയ, ഒബ്സര്‍വേഷന്‍ റൂം, മൈനര്‍ ഒ.ടി, വെയ്റ്റിങ് ഏരിയ എന്നിവ പുതിയ സൗകര്യങ്ങളായി ഈ ആരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സുമാര്‍, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവര്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
എഫ്.എച്ച്.സി നിലവില്‍ വരുമ്പോള്‍ സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി ദേശീയ അംഗീകാരം കരസ്ഥമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പി.എച്ച്.സി പുഴാതി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷൈനി പറഞ്ഞു. കൂടാതെ എഫ്.എച്ച്.സി ആയി ഉയരുന്നതോടെ ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിരക്ഷ പ്രാഥമിക തലത്തില്‍ തന്നെ പ്രദാനം ചെയ്യാനുമാകും.
- Log in to post comments