Skip to main content

ജില്ലാതല അറിയിപ്പുകള്‍ 2

 

വാദം കേള്‍ക്കല്‍ മാറ്റി

 

ഫെബ്രുവരി 24, 25, 26 തീയതികളില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

 

കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി / തത്തുല്യ യോഗ്യതയുള്ള, 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 26ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ (ഹോമിയോപ്പതി) ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2944145

 

റബ്ബര്‍ പുനര്‍നടീലിന് ധനസഹായം

 

സംസ്ഥാന കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പും വ്യവസായ വകുപ്പും ലോകബാങ്കിന്റെ സഹകരണത്തോടെ സംയുക്തമായി നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി റബ്ബര്‍ പുനര്‍നടീലിന് ധനസഹായം അനുവദിക്കുന്നു. കുറഞ്ഞത് 25 സെന്റ് മുതല്‍ പരമാവധി അഞ്ച് ഹെക്ടര്‍ വരെ റബ്ബര്‍ കൃഷിയുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. പരമാവധി രണ്ട് ഹെക്ടറിന് വരെയാണ് ധനസഹായം. അപേക്ഷകര്‍ നിര്‍ബന്ധമായും റബ്ബര്‍ ബോര്‍ഡ് നല്‍കുന്ന പരിശീലനത്തില്‍ പങ്കെടുക്കണം. അപേക്ഷിക്കുന്ന ഭൂമി സ്വകാര്യ ഉടമസ്ഥതയിലായിരിക്കണം. റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച നഴ്‌സറികളില്‍ നിന്ന് തൈകള്‍ വാങ്ങുകയും ബോര്‍ഡ് നിര്‍ദേശിച്ച ആര്‍ ആര്‍ ഐ ഐ 105, ആര്‍ ആര്‍ ഐ ഐ 417, ആര്‍ ആര്‍ ഐ ഐ 430, ആര്‍ ആര്‍ ഐ ഐ 414, പിബി 260 തുടങ്ങിയ ക്ലോണുകള്‍ നട്ടുപിടിപ്പിക്കുകയും വേണം. പദ്ധതിയുടെ ഭാഗമായി ഹെക്ടറിന് 75,000 രൂപ ധനസഹായം ലഭിക്കും. ഇതില്‍ ആദ്യ ഗഡുവായി 55,000 രൂപയും ഒന്നാംവര്‍ഷം പൂര്‍ത്തിയായ സസ്യങ്ങളുടെ അതിജീവനവും വളര്‍ച്ചയും വിലയിരുത്തിയതിന് ശേഷം രണ്ടാം ഗഡുവായി 20,000 രൂപയും അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേര ഫീല്‍ഡ് ഓഫീസര്‍മാരെ ബന്ധപ്പെടാം. ഫോണ്‍: ആഷ്ലി ജോസി, തളിപ്പറമ്പ് - 7698243657, പൂര്‍ണിമ, ശ്രീകണ്ഠാപുരം - 9539907649, ജ്യോത്സ്ന, തലശ്ശേരി - 7902972278

 

തെളിവെടുപ്പ് യോഗം 

 

സംസ്ഥാനത്തെ ഫോറസ്റ്റ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം മാര്‍ച്ച് രണ്ടിന് രാവിലെ 11ന് വയനാട് ജില്ലാ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ നടക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കായാണ് തെളിവെടുപ്പ് യോഗം. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

 

എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് നിയമനം 

 

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോമിനൊപ്പം അക്കൗണ്ടിംഗ്, ഡിസിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഫെബ്രുവരി 28ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706666

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്പോര്‍ട്സ് സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗം ബയോളജി ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്പോര്‍ട്സ് സ്‌കൂള്‍, സിവില്‍ സ്റ്റേഷന്‍ പി.ഒ, കണ്ണൂര്‍ - 2 എന്ന വിലാസത്തില്‍ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം ലഭിക്കണം. ഫോണ്‍: 04972712921

 

ലേലം

 

പയ്യന്നൂര്‍ താലൂക്കിലെ വെളളൂരില്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തളിപ്പറമ്പ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്ത് പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള 20,000 ലിറ്റര്‍ നിറമില്ലാത്ത മണ്ണെണ്ണ മാര്‍ച്ച് രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ ലേലം ചെയ്യും. അന്നേ ദിവസം മൂന്ന് മണി വരെ ടെണ്ടറുകള്‍ ഓഫീസില്‍ സ്വീകരിക്കും. മണ്ണെണ്ണ സൂക്ഷിക്കുന്നതിന് ലൈസന്‍സും മറ്റ് യോഗ്യതയുമുളള വ്യക്തികള്‍ക്കും/ സ്ഥാപനങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2700552, 9188527327

date