Skip to main content

പരിസ്ഥിതി സൗഹൃദ കാഴ്ചകളുമായി ഹരിതകേരളം മിഷൻ പ്രദർശന മേള

ദേശീയ പരിസ്ഥിതി സമ്മേളനത്തിന് വേദിയാകുന്ന കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്റർ പരിസ്ഥിതി സൗഹൃദ വിസ്മയങ്ങളുടെ സംഗമഭൂമിയാകുന്നു. ഹരിതകേരളം മിഷൻ കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനത്ത് നടപ്പിലാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കുന്ന പ്രദർശന-വിപണന സ്റ്റാളുകൾ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 

അത്യാധുനിക സാങ്കേതിക വിദ്യകളും തനത് വനവിഭവങ്ങളും കോർത്തിണക്കിയാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്.രണ്ട് പതിറ്റാണ്ടിന് ശേഷം തിരുവനന്തപുരം പിരപ്പമൺകാട് പാടശേഖരത്തിൽ പുനരാരംഭിച്ച കൃഷിയിലൂടെ വിളയിച്ചെടുത്ത 'പിരപ്പമൺകാട് അരിയും' അതിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമാണ് മേളയിലെ പ്രധാന ആകർഷണം. 

ഇടുക്കി കട്ടമുടിയിൽ നിന്നുള്ള ബ്രാൻഡഡ് അരി, മറയൂർ ശർക്കര, കാട്ടുതേൻ തുടങ്ങിയ വനവിഭവങ്ങൾ വാങ്ങാനും സന്ദർശകർ ഏറെയെത്തുന്നുണ്ട്. പ്ലാസ്റ്റിക്കിന് ബദലായി പാഴ്ത്തുണികളിൽ നിന്ന് നിർമ്മിച്ച ബാഗുകളും മറ്റ് ഉൽപ്പന്നങ്ങളുമായി എറണാകുളം 'ഭൂമി സ്ത്രീ കൂട്ടായ്മ'യും ശ്രദ്ധ നേടുന്നുണ്ട്.

അറിവും വിനോദവും പകരുന്ന വിആർ ഷോകളാണ് മേളയുടെ മറ്റൊരു പ്രത്യേകത. ഇടുക്കി ഡാമിന്റെയും പവർഹൗസിന്റെയും ദൃശ്യാനുഭവം നൽകുന്ന കെ.എസ്.ഇ.ബി. സ്റ്റാളും, നെയ്യാർ-മലമ്പുഴ ഡാമുകളുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന ജലസേചന വകുപ്പിന്റെ സ്റ്റാളും സന്ദർശകർക്ക് പുത്തൻ അനുഭവമാകുന്നു. 

ഭൂഗർഭ ജല വകുപ്പ്, ഡബ്ല്യു.ആർ.ഐ ഇന്ത്യയുടെ ഹരിതോർജ്ജ പവലിയൻ, ടൈറ്റാനിയം എന്നിവയുടെ സ്റ്റാളുകളും മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്.
മലിനജല ശുദ്ധീകരണ സംവിധാനങ്ങൾ, സാനിറ്ററി വെൻഡിംഗ് മെഷീനുകൾ എന്നിവയ്ക്കൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങൾ സൗജന്യമായി നന്നാക്കി നൽകുന്ന വടകര ഹരിത കർമ്മസേനയുടെ ഹെൽപ്പ് ഡെസ്കും മേളയുടെ മാറ്റുകൂട്ടുന്നു. 

കെ.എസ്.ആർ.ടി.സി. ഒരുക്കിയ ലിങ്ക് ബസ് ഫോട്ടോ പോയിന്റിലും വലിയ തിരക്കാണ്.പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായ പ്രദർശനം ഇന്ന് (ഫെബ്രുവരി 25 ) ന് സമാപിക്കും.

date