കെ.എം.എം.എല്ലില്‍ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും ലാഭവിഹിതംകൈമാറലും 24ന്
ചവറ കെ.എം.എം.എല്ലില്‍ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും 2024-25 വര്‍ഷത്തെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറുന്ന ചടങ്ങും ഫെബ്രുവരി 24ന്. വൈകിട്ട് നാലിന് കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. കമ്പനിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 4.64 കോടി രൂപ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഏറ്റുവാങ്ങും. ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റം ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ നിര്‍വഹിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വിശിഷ്ടാതിഥിയാകും.
2.5 കോടി രൂപ ചെലവിലാണ് കെ.എം.എം.എല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അത്യാധുനിക കെട്ടിടം ഒരുക്കിയത്. 6,450 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഓഫീസ് ഡ്രൈ ആന്‍ഡ് വെറ്റ് സ്റ്റോര്‍ റൂമുകള്‍, കോണ്‍ഫറന്‍സ് റൂം, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടും. പൊതുജനങ്ങള്‍ക്ക് കൂടി സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉപയോഗിക്കത്ത തരത്തില്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
3,160 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 1.5 കോടി രൂപ ചെലവിലാണ് ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിന് (ടെര്‍ക്) പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. മീറ്റിംഗ് റൂം, ലൈബ്രറി, റീഡിംഗ്, ടിവി റൂമുകള്‍, ഓഫീസ്, കാരംസ് - ചെസ്സ് ഏരിയ, സെക്യൂരിറ്റി റൂം, പാന്‍ട്രി - ഡൈനിംഗ് ഏരിയ, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ അടങ്ങിയതാണ് പുതിയ കെട്ടിടം.
കമ്പനിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 4.64 കോടി രൂപയാണ് സര്‍ക്കാരിലേക്ക് നല്‍കുന്നത്. 2021-22ല്‍ 9.3 കോടിയും 2022-23ലും 2023-24ലും 6.2 കോടി രൂപ വീതവും ലാഭവിഹിതമായി കെ.എം.എം.എല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 7.9 ലക്ഷം രൂപ ചെലവിലാണ് പന്മന പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ആംബുലന്‍സ് വാങ്ങി നല്‍കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും കെ.എം.എം.എല്ലുമായി സഹകരിച്ച് തുടങ്ങുന്ന മെഡിക്കല്‍ ടെസ്റ്റ് ലാബ് കലക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അനുമതി പത്രവും ചടങ്ങില്‍ കൈമാറും.
പി എസ് സുപാല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഐ ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീമ തങ്കച്ചി, വാര്‍ഡ് മെമ്പര്‍ നിഷാന്ത് കളരി, ബി പി ടി ചെയര്‍പേഴ്‌സണ്‍ കെ അജിത് കുമാര്‍, കെഎംഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ പി പ്രദീപ്കുമാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments