Skip to main content

സ്വന്തമായി ഭൂമി അടച്ചുറപ്പുള്ള വീട് വെള്ളം വെളിച്ചം പന്നിയാടി ഉന്നതിയിൽ ഇരുട്ട് അകന്നു

ചോര്‍ന്നൊലിച്ച ഓര്‍മ്മകളില്‍ നിന്ന് അടച്ചുറപ്പുള്ള സ്വപ്നങ്ങളിലേക്ക്; പന്നിയാടിയിലെ 20 കുടുംബങ്ങള്‍ക്ക് ഇനി സുരക്ഷിത തണല്‍*

''മഴ പെയ്യുമ്പോള്‍ വീട്ടിനുള്ളില്‍ വെള്ളം നിറയാതിരിക്കാന്‍ പാത്രങ്ങള്‍ വച്ച് മക്കളെ പിടിച്ചിരുന്ന് നേരം വെളുപ്പിച്ച ദിവസങ്ങള്‍ ഉണ്ട് ' ഇത് പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ ദുരിതപെയ്ത്തുകളുടെ കടലുകള്‍ ഇരമ്പുന്നുണ്ടായിരുന്നു നാരായണിയുടെ കണ്ണുകളില്‍. ''ഇപ്പോ സ്വന്തമായി സ്ഥലവും അടച്ചുറപ്പുള്ള വീടുമായി..സന്തോഷമിണ്ട്..''

വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ആ കണ്ണുകളില്‍ നിന്ന് ആനന്ദക്കണ്ണീര്‍ പെയ്തിറങ്ങി. ഇത് നാരായണിയുടെ മാത്രം അനുഭവമല്ല. ഒന്നുമില്ലായ്മയില്‍ ജീവിതം പകച്ചുനിന്നപ്പോള്‍ അഞ്ച് സെന്റ് ഭൂമിയും വീടും സ്വന്തമായി ലഭിച്ച് പന്നിയാടിയില്‍ താമസം ആരംഭിച്ച 20 കുടുംബങ്ങളുടെ കഥയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് അടച്ചുറപ്പുള്ള വീട് ലഭിച്ച ആറാം വാര്‍ഡ് ചെമ്പക്കാടിലെ 55 കുടുംബങ്ങളുടെ കഥയാണ്. അവരെപ്പോലെ വീടെന്ന സ്വപ്നങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ നിറം ചാലിച്ച സംസ്ഥാനത്തെ നിരവധി പട്ടികജാതി പട്ടിക വര്‍ഗ ഉന്നതികളുടെ കഥ കൂടിയാണ്.   ഏറെ യാതനകള്‍ നിറഞ്ഞ ഒരു ഭൂതകാലമായിരുന്നു ചെമ്പക്കാട് ഉള്‍പ്പെടുന്ന ആറാം വാര്‍ഡ് പട്ടിക വര്‍ഗ ഉന്നതിയിലെ കുടുംബങ്ങളുടേത്.  ചോര്‍ന്നോലിക്കുന്ന വീടുകള്‍ക്കുള്ളില്‍ നല്ല നാളെകള്‍ സ്വപ്നം കണ്ട് അവര്‍ ജീവിതം മുന്നോട്ട് നീക്കി. പട്ടികവര്‍ഗ വിഭാഗത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായ മലവേട്ടുവ വിഭാഗത്തില്‍പ്പെട്ട മുപ്പത്തിയെട്ട് കുടുംബങ്ങള്‍ അധിവസിക്കുന്ന ഉന്നതിയാണ് ചെമ്പക്കാട് പട്ടികവര്‍ഗ്ഗ ഉന്നതി.

ബേഡഡുക്ക പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ ഏറ്റവും പിന്നോക്കം നിന്നിരുന്ന ഉന്നതിയായിരുന്നു ചെമ്പക്കാട്. നിലവില്‍ എല്ലാവര്‍ക്കും പാര്‍പ്പിടമെന്ന വലിയ  നേട്ടത്തിലേക്കാണ് ചെമ്പക്കാട് ഉന്നതി എത്തിയത്. ചെമ്പക്കാട് ഉന്നതി ഉള്‍പ്പെടുന്ന ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വീടില്ലാതിരുന്ന 55 കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷനിലൂടെ വീട് അനുവദിക്കപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ 35 പേര്‍ക്ക് വീട് നല്‍കി. എന്നാല്‍ സ്വന്തമായി സ്ഥലമില്ലാതിരുന്ന 20 പേര്‍ക്ക് വില്ലേജ്  ഓഫീസ് ഇടപ്പെട്ട് പന്നിയാടിയില്‍ അഞ്ച് സെന്റ് വീതം പതിച്ചുനല്‍കുകയും ലൈഫ് അഡിഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ഭവന ധനസഹായം നല്‍കുകയും ചെയ്തു. നാരായണി ഉള്‍പ്പെടെ 20 കുടുംബങ്ങള്‍ ഇന്ന് സ്വന്തം വീട്ടില്‍ മഴക്കാലത്തും നനയാത്ത സ്വപ്നങ്ങളുമായി  ജീവിക്കുകയാണ്.

 

date