ലോക വന്ധ്യംകരണ ദിനം: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടന്നു
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ലോക വന്ധ്യംകരണ ദിനം ആചരിച്ചു. എറണാകുളം ജില്ലാ വെറ്ററിനറി സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി.കെ.പി. മോഹൻകുമാർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ പെൺ നായ്ക്കൾക്കായി സൗജന്യ വന്ധ്യംകരണ പരിപാടി സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത മൃഗാശുപത്രികളിലും എറണാകുളം ജില്ലയിലെ പ്രമുഖ സ്വകാര്യ മൃഗാതുരസേവന കേന്ദ്രങ്ങളിലുമായാണ് ശസ്ത്രക്രിയകൾ നടന്നത്. ഇതിനുപുറമെ വെറ്ററിനറി ഡോക്ടർമാർക്കായി പ്രത്യേക പരിശീലന പരിപാടിയും ഒരുക്കിയിരുന്നു.
എല്ലാ താലൂക്കുകളിലും സ്കൂൾ-കോളേജ് തലങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.
കേരള വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. ആർ പ്രമുദാദേവി ചടങ്ങിൽ അധ്യക്ഷയായി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഡോ. പി പ്രിയ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലൗലി കെ സക്കറിയ, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഡോ. കെ എ ഷറഫുദ്ധീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. റെജി വർഗീസ്, എറണാകുളം ട്രഷറർ ഡോ. എം.വി അനിത, പെറ്റ്ക്ലിൻ മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ എം.ഡി. ഡോ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
- Log in to post comments