അജാനൂരില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഡയാലിസിസ് കേന്ദ്രം; ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും
ആരോഗ്യരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നു. ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ സമഗ്ര സംവിധാനങ്ങളോടെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്ന ആദ്യ പഞ്ചായത്ത് എന്ന നേട്ടമാണ് അജാനൂര്‍ ഇതിലൂടെ സ്വന്തമാക്കുന്നത്.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR) ഫണ്ടില്‍ നിന്നുള്ള 1.10 കോടി രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഡയാലിസിസ് ഉപകരണങ്ങള്‍ പൂര്‍ണമായും സി എസ് ആര്‍ ഫണ്ടിലൂടെയാണ് സമാഹരിച്ചത്. അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗം നവീകരിച്ചാണ് ഡയാലിസിസ് യൂണിറ്റ് സജ്ജീകരിക്കുന്നത്. നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്.
രോഗികള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. കേന്ദ്രത്തില്‍ എട്ട് ഡയാലിസിസ് കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഏഴ് എണ്ണം പ്രവര്‍ത്തനസജ്ജമാണ് ഒന്ന് അടിയന്തിര ഘട്ടങ്ങളിലേക്കുള്ള ബാക്കപ്പ് സംവിധാനമായി ഉപയോഗിക്കും. നിലവില്‍ 42 രോഗികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദൂര പ്രദേശങ്ങളിലേക്ക് ചികിത്സയ്ക്കായി യാത്ര ചെയ്യേണ്ടി വന്നിരുന്ന രോഗികള്‍ക്ക് ഇതോടെ വലിയ ആശ്വാസമാകും. ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപ ചെലവഴിച്ച് കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
ശുദ്ധജല സൗകര്യത്തിനായി ആര്‍.ഒ പ്ലാന്റും വൈദ്യുതി തടസ്സങ്ങള്‍ മറികടക്കാന്‍ പവര്‍ ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും ആരോഗ്യ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതുമായ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15 ലക്ഷം രൂപ ചെലവഴിച്ച് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാക്കി. ഡയാലിസിസ് ജീവനക്കാരുടെ വേതനം, ഡയാലിസിസ് കിറ്റുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി 14 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ട്. ഈ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഗ്രാമീണ ആരോഗ്യമേഖലയിലെ ഇടപെടലുകളില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് തന്നെ മികച്ചൊരു മാതൃകയായി മാറും.
- Log in to post comments