പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു.
നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം, റിസപ്ഷൻ, റെക്കോഡ് റൂം, വെയിറ്റിങ് റൂം, മൈനർ ഒ ടി റൂം, സ്ക്രബ് ഡ്രസിങ് റൂം, പൊതുജനങ്ങൾക്കും രോഗികൾക്കുമായി രണ്ട് ലിഫ്റ്റുകൾ, സ്റ്റെയർ മുറി, നിരീക്ഷണ മുറി, ശുചീകരണ മുറി, നഴ്സ് സ്റ്റേഷൻ, ഡോക്ട്ർേസ് റൂം, പമ്പ് റൂം, ഫയർ –ഇലക്ട്രിക്കൽ – മറ്റ് പ്ലംബിങ് ആവശ്യക്കുള്ള ഡക്ട് എന്നിവയാണ് ഒരുക്കുന്നത്. ഒന്നാമത്തെ ബ്ലോക്കിൽ ഏഴ് ഒ പികൾ , ബ്ലഡ് സ്റ്റോറേജ് റൂം, പരിശോധന മുറി, ലബോറട്ടറി ടെക്നീഷ്യൻ റൂം, ഡോക്ടേഴ്സ് ലോഞ്ച്, വെയിറ്റിങ് റൂം, സ്റ്റെയർ റൂം എന്നിവയും രണ്ടാമത്തെ ബ്ലോക്കിൽ റിസപ്ഷൻ, റെക്കോർഡ് റൂം, ലോബി, ഡിസ്പെർസിങ് സെക്ഷൻ, ശുചീകരണ മുറികളും വെയിറ്റിങ് റൂം, സ്റ്റെയർ മുറി, രണ്ട് ലിഫ്റ്റുകളും ഒരുക്കും.
മൂന്നാമത്തെ ബ്ലോക്കിൽ എക്സ്-റേ, സി ടി സ്‌കാൻ, എന്നിവയ്ക്ക് അനുബന്ധ നിയന്ത്രണ മുറികളും ഡ്രസ്, എക്സ്-റേ ക്കുള്ള ഫിലിം സ്റ്റോർ, മറ്റ് സ്റ്റോർ റൂമുകളും, അൾട്രാ സൗണ്ട് സ്‌കാൻ റൂം, വിശാലമായ പാസ്സേജ് സൗകര്യം അനുബന്ധ റാമ്പ് എന്നീ സൗകര്യങ്ങളുണ്ടാകും.
മൂന്ന് ബ്ലോക്കുകളിലായി മൂന്ന് സ്റ്റെയർ റൂമുകളും പ്രത്യേക ശുചി മുറികളും ഉൾപ്പടെ 1704 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലെ ബ്ലോക്ക് -മൂന്നിന്റെ ഒന്നാം നിലയിൽ മെഡിക്കൽ റെക്കോഡ് റൂം, സ്റ്റാഫ് നഴ്സ് റൂം എന്നിവ ഉൾപ്പെടുത്തി പുരുഷ വാർഡും സി ടി സ്കാൻ, സ്റ്റോർ റൂം അതുമായി ബന്ധപ്പെട്ടുള്ള വെയറ്റിങ് റൂം എന്നിവ ഉൾപ്പെടുത്തി സ്ത്രീ വാർഡും താൽക്കാലികമായി ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോയ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ലളിത, പി അനസൂയ, കെ പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി പ്രീത, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കമലാക്ഷൻ, വിജയൻ അടുക്കാടൻ, അംഗം ഫത്തിമ ബീവി, പെരിങ്ങോം വയക്കര പഞ്ചായത്തംഗം വി വി ബീന, കണ്ണൂർ ഡിഎംഒ ഡോ. കെ ടി രേഖ, ഡിപിഎം ഡോ. പി കെ അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. പി കെ പ്രശാന്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, സെക്രട്ടറി കെ മോഹനൻ, പി വി തമ്പാൻ, എന്നിവർ സംസാരിച്ചു.
- Log in to post comments