Skip to main content
സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ കെ.വി.സുമേഷ് എം.എൽ.എ പട്ടയം വിതരണം ചെയ്യുന്നു

ജില്ലയില്‍ 1681 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികള്‍ 

 

ജില്ലയില്‍ 1681 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളായി. ജില്ലാതല പട്ടയമേളില്‍ 1431 ലാന്‍ഡ് ട്രൈബൂണല്‍ പട്ടയങ്ങളും 132 കൈവശ രേഖകളും 64 ലാന്‍ഡ് ട്രൈബൂണല്‍ ദേവസ്വം പട്ടയങ്ങളും 52 ലക്ഷംവീട് പട്ടയങ്ങളും രണ്ട് മിച്ചഭൂമി പട്ടയങ്ങളും ഉള്‍പ്പെടെ 1681 പട്ടയങ്ങള്‍ വിതരണം ചെയ്തു. തൃശ്ശൂരില്‍ നടന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായാണ് ജില്ലാതല പട്ടയമേള സംഘടിപ്പിച്ചത്. പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. റവന്യൂ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. 

കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ കെ.വി.സുമേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍, എ.ഡി.എം കലാഭാസ്‌കര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ.ബിനി, എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ ബെന്നി സെബാസ്റ്റ്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പ്രകാശന്‍ മാസ്റ്റര്‍, സി.പി.സന്തോഷ് കുമാര്‍, ജോയി കൊന്നക്കല്‍, രാഗേഷ് മന്ദമ്പേത്ത്, പി.സി.അശോകന്‍, രതീഷ് ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു. 
 

അവകാശം കൈവശം: ആറളത്ത് 132 കുടുംബങ്ങള്‍ക്ക് പട്ടയം 

 

ജില്ലാതല പട്ടയമേളയില്‍ ആശ്വാസമായത് ആറളം ഫാമിലെ 132 കുടുംബങ്ങള്‍ക്ക്. വര്‍ഷങ്ങളായി അനിശ്ചിതത്വം നേരിട്ടിരുന്ന കുടുംബങ്ങള്‍ക്ക് ഇതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു.

ഭൂരഹിതരായ 112 പുതിയ ഗുണഭോക്താക്കള്‍ക്കും, ആറളം പുനരധിവാസ മേഖലയില്‍ താമസിച്ചു വരുന്ന 20 കുടുംബങ്ങളടക്കം 132 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. അതില്‍ നാലു കുടുംബങ്ങളുടെ രേഖകള്‍ കൃത്യമായി ലഭ്യമാകാത്തതിനാല്‍ നിലവില്‍ 128 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്.

താമസിക്കുന്ന ഭൂമിക്ക് അവകാശം ലഭിക്കാത്തതിനാല്‍ വീടുനിര്‍മ്മാണം, സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ എന്നിവക്ക് അപേക്ഷിക്കാനോ ഭൂമിയില്‍ കൃഷി ചെയ്യാനോ കഴിയാതെ ആറളം ഫാമില്‍ താമസിക്കുന്ന കുടുംബങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. പട്ടയം ലഭിച്ചതോടെ ഇത്തരം പ്രശനങ്ങള്‍ക്കെല്ലാം പരിഹാരമാകും.

date