Skip to main content

ചേർത്തലയിലെ സ്കൂളുകളുടെ വികസനത്തിന് സർക്കാർ ചെലവഴിച്ചത് 50 കോടി: മന്ത്രി പി പ്രസാദ്

*തൈക്കൽ ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു 

ചേർത്തല മണ്ഡലത്തിലെ 20 സ്കൂളുകളുടെ വികസനത്തിന് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 50 കോടിയോളം രൂപ ചെലവഴിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തൈക്കൽ ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പഠനത്തിനൊപ്പം കുട്ടികൾക്ക് കളിക്കാനുള്ള സാഹചര്യവും ഒരുക്കുമെന്നും 2026-27 ഓടെ തൈക്കൽ സ്കൂളിനെ മണ്ഡലത്തിലെ മികച്ച വിദ്യാലയമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിന് പുതിയ സ്മാർട്ട് ക്ലാസ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിന് വർണ്ണക്കൂടാരവും അനുവദിച്ചതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി 1.21 കോടി രൂപ ചെലവഴിച്ചാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. രണ്ട് നിലകളിലായി അഞ്ച് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും പുതിയ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജെയിംസ് ചിങ്കുതറ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് തോട്ടാത്തറ, സ്ഥിരംസമിതി അധ്യക്ഷരായ ജാൻസി ബെന്നി, പത്മിനി പങ്കജാക്ഷൻ, പഞ്ചായത്തംഗങ്ങളായ ബിന്ദു ഷിബു, ബാബു ആന്റണി, വിദ്യാ സജി, പഞ്ചായത്ത് സെക്രട്ടറി എസ് ഷാജി, തുറവൂർ എഇഒ ഹെലൻ കുഞ്ഞുകുഞ്ഞ്, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ ഡി ഉദയപ്പൻ, തുറവൂർ ബിപിസി അനുജ, പ്രഥമാധ്യാപിക ജി ജ്യോതിമോൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

date