Skip to main content

യുവാക്കൾക്ക് തൊഴിലവസരങ്ങൾക്കനുസരിച്ച പരിശീലനവും വേദികളും സൃഷ്ടിച്ചു: മന്ത്രി ആർ. ബിന്ദു ആസ്പയർ 2026 ഉദ്ഘാടനം നിർവഹിച്ചു

 

സംസ്ഥാനത്തെ ഒരു നവ വൈജ്ഞാനിക സമൂഹമായി വളർത്തിയെടുക്കുമ്പോൾ തൊഴിലവസരങ്ങളിലേക്ക് യുവതീ യുവാക്കൾക്ക് കടന്നുചെല്ലുന്നതിന് സഹായകരമായ പരിശീലനവും അതിനനുസരിച്ച വേദികളും സൃഷ്ടിക്കുക എന്നത് ഈ സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായ പ്രവർത്തനമാണെന്ന്  ഉന്നത വിദ്യഭ്യാസ, സാമൂഹിക നീതി വകുപ്പ്  മന്ത്രി ഡോ. ആർ
ബിന്ദു.  തൊഴിലില്ലായ്മ പരിഹരിക്കാനും യുവജനതയെ ആഗോള തൊഴിൽ വിപണിക്ക് അനുയോജ്യരാക്കാനും അസാപ് കേരള നടത്തിവരുന്ന തൊഴിൽമേള പരമ്പരയിലെ  പുതുവർഷത്തിലെ ആദ്യ പതിപ്പായ ‘ആസ്പയർ 2026’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ഓരോ വിദ്യാർത്ഥികൾക്കും അവരുടെ അഭിരുചിക്കനുസരിച്ചുള്ള നൈപുണ്യ പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്ക് തൊഴിലിലേക്ക് കടന്നു ചെല്ലുന്നതിനനുസരിച്ചുള്ള സ്കിൽ പരിശീലനം ക്യാമ്പസുകളിൽ തന്നെ നൽകുക എന്നത് പ്രധാന കാര്യമാണ്. അസാപ്പ് കേരളയുടെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ വിദ്യാർഥികൾക്ക് തൊഴിലില്ലായ്മ എന്ന പ്രശ്നം പരിഹരിക്കുന്നതിന് വൈവിധ്യ പൂർണ്ണമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് നടത്തിവരുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗ്യാപ്പ് നികത്തുക എന്നത്.  തൊഴിൽ അവസരങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ കടന്ന് ചെല്ലാൻ യുവതീയുവാക്കളെ പ്രാപ്തരാക്കാനുള്ള പ്രാധാന്യം കൊടുത്തുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ  ക്രൈസ്റ്റ് കോളേജിലാണ് ആസ്പയർ തൊഴിൽമേള സംഘടിപ്പിച്ചത്. തൊഴിൽ മേളയിൽ  30-ൽ അധികം പ്രമുഖ  കമ്പനികളും ആയിരത്തി അഞ്ഞൂറിലധികം  ഉദ്യോഗാർഥികളും പങ്കെടുത്തു. ഇതിന്റെ ഭാഗമായി അസാപ് കേരളയും ഇൻഫോസിസും തമ്മിലുള്ള ധാരണാപത്രം കൈമാറി.  ഇതുവഴി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക്  16 ആഴ്ച നീണ്ടു നിൽക്കുന്ന സൗജന്യ ഇന്റേൺഷിപ് ഇൻഫോസിസിൽ ലഭ്യമാക്കും. ചടങ്ങിൽ ക്രൈസ്റ്റ് കോളേജിന് അസാപ് കേരളയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മികച്ച കോളേജിനുള്ള അവാർഡ് സമ്മാനിച്ചു.

 ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാദർ പി ടി ജോയ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അസാപ് കേരള സി.എം.ഡി ഇൻ-ചാർജ്  പ്രീതി ലിയോണോൾഡ്, ഇൻഫോസിസ് അസോസിയേറ്റ് വി.പി  സന്തോഷ് അനന്തപുര, ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ  ജോർജ് ക്രിസ്റ്റോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര റീജിയണൽ മാനേജർ വി. വിജിത്ത്, ഇ.ആർ.എ.എം റീജിയണൽ ഡയറക്ടർ  ബിജോയ് ഡി. ദാസ് അസാപ് കേരള ഹെഡ് എച്ച്.ആർ രാജേഷ് കെ.എ എന്നിവർ പങ്കെടുത്തു.

date