പൊതുമേഖലയെ മത്സരക്ഷമമാക്കി ലാഭകരമാക്കും,ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് മുന്‍ഗണന: പി. രാജീവ്
പൊതുമേഖലയെ ശക്തിപ്പെടുത്തി മത്സരക്ഷമമാക്കി ലാഭകരമാക്കുമെന്നും ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്‌കില്‍ ആവശ്യമായി വരുന്ന പ്രധാനപ്പെട്ട ഒരു മേഖല ലോജിസ്റ്റിക്‌സ് മേഖലയാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.
എല്ലാ പൊതുമേഖല സ്ഥാപനങ്ങളും വിശദമായ പഠനത്തിനുശേഷം ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം നിരവധി പദ്ധതി നിര്‍വഹണങ്ങള്‍ നടത്തിയെന്നും വളരെ നല്ല രീതിയില്‍ പൊതു മേഖല സ്ഥാപനങ്ങള്‍ ഇപ്പോള്‍ ലാഭത്തില്‍ വന്നുവെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ അനവധി തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും യുവാക്കള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡും (കെഎസ്ഐഇ) അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ് കേരള) തമ്മിലുള്ള പങ്കാളിത്തത്തിലൂടെ സൃഷ്ടിക്കപ്പെട്ട പഠന വികസന കേന്ദ്രമായ
കെഎല്‍എഎസ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സാരിക്കുകയായിരുന്നു അദ്ദേഹം.
ലോജിസ്റ്റിക്‌സ് മേഖലയിലെ നിര്‍ണായക മേഖലകളില്‍ പതിറ്റാണ്ടുകളായി നേടിയ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, വ്യത്യസ്തതയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട് പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങളായ (കെഎസ്‌ഐഇ), (അസാപ് കേരള) എന്നിവ കാര്‍ഗോ മാനേജ്‌മെന്റിലും ദേശീയ-അന്തര്‍ദേശീയ നൈപുണ്യ മാനദണ്ഡങ്ങളുടെ പുരോഗതിയിലും ശ്രദ്ധേയമാണ്. ലോജിസ്റ്റിക്‌സിലും സപ്ലൈ ചെയിന്‍ പഠനങ്ങളിലും മികവിന്റെ കേന്ദ്രമെന്ന നിലയില്‍ നിരന്തരം വളരുന്ന ലോജിസ്റ്റിക്‌സ് മേഖലയിലെ കഴിവുകളുടെ വിടവ് നികത്തുകയാണ് കെഎല്‍എഎസ് അക്കാദമി ലക്ഷ്യമിടുന്നത്.
എലൂര്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെഎസ്‌ഐഇ) സിഎഫ്എസ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈന്‍ സ്‌ക്രീനിലൂടെ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റെര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്‌ഐഇ) ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, ഏലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജി സജീവന്‍, ബിപിടി ചെയര്‍മാന്‍ കെ. അജിത് കുമാര്‍, അസാപ് കേരള ബിസിനസ് ഹെഡ് വിനോദ് ശങ്കര്‍, ടിസിസി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആര്‍. രാജീവ്, വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് ഷെറി, കെഎസ്‌ഐഇ മാനേജിംഗ് ഡയറക്ടര്‍ ജി.രാജശേഖരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments