മാലിന്യമലകള്‍ ഇല്ലാത്ത കേരളം ലക്ഷ്യം - മന്ത്രി എം.ബി. രാജേഷ്
ബ്രഹ്‌മപുരത്തെ ദുരന്തപൂര്‍ണ്ണമായ തീപിടുത്തത്തെ ഒരവസരമാക്കി മാറ്റിക്കൊണ്ട് കേരളം മാലിന്യമുക്തമായ പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ ആദ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. പരിഹാസങ്ങളെയും വിവാദങ്ങളെയും അതിജീവിച്ച് ബ്രഹ്‌മപുരത്തെ മാലിന്യമലകള്‍ 90 ശതമാനവും നീക്കം ചെയ്തതായും, വരും വര്‍ഷങ്ങളില്‍ 'ഡംപ് സൈറ്റുകള്‍' ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
2023 മാര്‍ച്ചിലുണ്ടായ ബ്രഹ്‌മപുരം തീപിടുത്തം കേരളത്തെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. പതിറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ഒമ്പത് ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യത്തിനാണ് അന്ന് തീപിടിച്ചത്. 12 ദിവസം നീണ്ടുനിന്ന കഠിനപ്രയത്‌നത്തിനൊടുവിലാണ് പുകയും തീയും അണയ്ക്കാനായത്. അന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പുപ്രകാരം ബ്രഹ്‌മപുരത്തെ പൂങ്കാവനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കര്‍ശനമായി തടഞ്ഞും ബയോമൈനിംഗ് കാര്യക്ഷമമാക്കിയും വലിയൊരു ഭൂപ്രദേശം കളിസ്ഥലങ്ങള്‍ക്കും ചെടികള്‍ക്കും അനുയോജ്യമായ നിലയില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ് മന്ത്രി പറഞ്ഞു.
കൊച്ചിയിലേത് ഒരു തുടക്കം മാത്രമാണ്. സംസ്ഥാനത്തുടനീളം ഏഴ് സി.ബി.ജി പ്ലാന്റുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. പാലക്കാട് രണ്ടാമത്തെ പ്ലാന്റ് രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിര്‍മ്മാണം. കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും പ്ലാന്റുകള്‍ വരികയാണ്. ഇതോടെ ഖരമാലിന്യ സംസ്‌കരണത്തില്‍ കേരളം പൂര്‍ണ്ണമായ മാറ്റത്തിന് സാക്ഷ്യം വഹിക്കും. ബി.പി.സി.എല്ലിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി അറിയിച്ചു.
ശുചിത്വ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. യുണൈറ്റഡ് നേഷന്‍സിന്റെ 'സീറോ വേസ്റ്റ് നഗരങ്ങളുടെ' ആഗോള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം വര്‍ക്കലയാണ്. കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേ റാങ്കിംഗില്‍ ആദ്യ നൂറ് വൃത്തിയുള്ള നഗരങ്ങളില്‍ കൊച്ചി ഉള്‍പ്പെടെ എട്ടെണ്ണം കേരളത്തില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ലോകത്തെ തന്നെ വലിയൊരു കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1.52 ലക്ഷം ടണ്‍ മാലിന്യമാണ് കഴിഞ്ഞ വര്‍ഷം സേന ശേഖരിച്ചത്. അടുത്ത ആറുമാസത്തിനുള്ളില്‍ സാനിറ്ററി മാലിന്യ സംസ്‌കരണത്തില്‍ കേരളം പൂര്‍ണ്ണമായ സ്വയംപര്യാപ്തത കൈവരിക്കും. ഇതിനായി കണ്ണൂര്‍, പാലക്കാട്, ബ്രഹ്‌മപുരം, കൊല്ലം എന്നിവിടങ്ങളില്‍ നാല് പ്ലാന്റുകളുടെ നിര്‍മ്മാണം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
- Log in to post comments