അധിക തുക കണ്ടെത്തി കുട്ടനാട് കുടിവെള്ള പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് ജില്ലാ വികസന സമിതി
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പിടൽ പ്രവർത്തിയുമായി ബന്ധപ്പെട്ട പാക്കേജ് മൂന്ന് എ പൂർത്തീകരിക്കുന്നതിന് അധികതുക ആവശ്യമായി വന്ന സാഹചര്യത്തിൽ കിഫ്ബിയിൽ നിന്ന് തുക അനുവദിപ്പിച്ച് പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ജില്ലാ വികസന സമിതി യോഗം. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ജില്ലാ വികസന സമിതിയിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് എം എൽ എ പങ്കെടുത്തു.
കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളിൽ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയുടെയും നീരേറ്റുപുറം ജലശുദ്ധീകരണശാലയിലെ 30 എം എൽ ഡി പ്ലാന്റ് നിർമ്മാണത്തിന്റെയും പുരോഗതി സംബന്ധിച്ച് ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി പറയവെയാണ് തോമസ് കെ. തോമസ് എം എൽ എ നിർദ്ദേശം നൽകിയത്. പദ്ധതിയുടെ ഭാഗമായി പാക്കേജ് ഒന്നിന്റെ പ്രവർത്തികൾ 60 ശതമാനവും പാക്കേജ് മൂന്ന് ബി 69 ശതമാനവും ബാക്കിയുള്ളവ പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി.
ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല, അരൂർ നിയോജക മണ്ഡലങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥിരമായി പൊട്ടുന്ന പ്രശ്നത്തെ സംബന്ധിച്ച് മുൻ വികസന സമിതിയിൽ കെസി വേണുഗോപാൽ എംപി ഉന്നയിച്ച വിഷയത്തിന് മറുപടിയായി കാലപ്പഴക്കം മൂലം തകരാറിലാകുന്ന പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തി ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ദേശീയപാത വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള പൈപ്പ് ലൈനുകൾ കൃത്യമായി മാറ്റി സ്ഥാപിക്കാതെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ തകരാറിലാകുന്ന സ്ഥിതിയുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട കരാറുകാർക്ക് നിർദേശം നൽകി നടപടികൾ സ്വീകരിച്ചുവരികയാണെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി സ്ഥാപിച്ച എബിസി സെന്ററുകളുടെ സ്ഥിതി സംബന്ധിച്ച് പി പി ചിത്തരഞ്ജൻ എംഎൽഎ ഉന്നയിച്ച വിഷയത്തിന് മറുപടിയായി കണിച്ചുകുളങ്ങരയിൽ പ്രവർത്തിക്കുന്ന എബിസി സെന്ററിൽ 936 തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഇതുവരെ നടത്തിയെന്നും സീ വ്യൂ വാർഡിലെ എബിസി സെന്ററിന്റെ ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിച്ചുവെന്നും ഷെഡ് നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അഴീക്കൽ ഹാർബർ റെസ്ക്യൂ ബോട്ടിന് ചുറ്റും ഇട്ടിരിക്കുന്ന മറ്റു ബോട്ടുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് എച്ച് സലാം എംഎൽഎ ഉന്നയിച്ച വിഷയത്തിന് മറുപടിയായി ഏരിയ മാർക്ക് ചെയ്ത് നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകിയതായി ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അരൂർ ഫയർ സ്റ്റേഷൻ നിർമ്മാണം സംബന്ധിച്ച് ദലീമ ജോജോ എംഎൽഎ ഉന്നയിച്ച വിഷയത്തിന് മറുപടിയായി പദ്ധതിക്ക് സി ആർ ഇസഡ് അനുമതി ലഭിച്ചിട്ടുണ്ടെന്നും. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ജില്ല അഗ്നിസുരക്ഷാ ഓഫീസർ അറിയിച്ചു.
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ വേലിയേറ്റ ക്രമീകരണം സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി കെ ഗോപകുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നിലവിൽ തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ, തണ്ണീർമുക്കം ബാരേജ് ഷട്ടറുകൾ എന്നിവ അടച്ചിട്ടിരിക്കുകയാണെന്നും തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോമേഷൻ ചെയ്യുന്നതിന് സെൻസറുകളും മറ്റ് ഘടിപ്പിച്ച് ഉപ്പിന്റെ അളവ് അധികരിക്കുന്നത് അനുസരിച്ച് റഗുലേറ്റ് ചെയ്യുന്നതിനുള്ള 80 കോടി രൂപയുടെ ഡ്രാഫ്റ്റ് പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments