യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു
യുവാക്കളിലെ നേതൃത്വ ശേഷി പരിപോഷിപ്പിക്കാനുള്ള ലക്ഷ്യത്തോടെ പൊതുഭരണ വകുപ്പിന് കീഴിൽ 2020 മുതൽ പ്രവർത്തിക്കുന്ന കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'See Kerala, Know Kerala' യൂത്ത് എക്സ്ചേഞ്ച് പരിപാടി ഫെബ്രുവരി 19 മുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 34 യുവതീയുവാക്കളാണ് കേരളം സന്ദർശിച്ചത്. സംസ്ഥാനത്തിന്റെ ഭരണ മാതൃകകൾ, വികസന പ്രവർത്തനങ്ങൾ, ജനപങ്കാളിത്ത സംവിധാനങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവ നേരിട്ട് പരിചയപ്പെടുന്നതിനുള്ള അപൂർവ അവസരമായാണ് പരിപാടി ഒരുക്കിയത്.
കേരളത്തിന്റെ ഭരണരീതിയും വികസനാനുഭവങ്ങളും അടുത്തറിയുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമൂഹിക നേട്ടങ്ങളും സാംസ്കാരിക വൈവിധ്യവും പങ്കുവെക്കുന്ന വേദിയായും ഈ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം മാറിയെന്ന് അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന കൈല, പൊതുഭരണം, ഗവേർണൻസ് തുടങ്ങിയ മേഖലകളിൽ യുവജനങ്ങളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ട് നേതൃത്വ പാടവം, ഭരണഘടനാവബോധം, തൊഴിൽക്ഷമത എന്നിവയിൽ കൃത്യമായ പരിശീലനം നൽകി സാമൂഹിക മുന്നേറ്റത്തിനായി യുവതയെ സജ്ജരാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. യുവജന നേതൃപരിശീലനത്തിനായി രാജ്യത്ത് ആരംഭിച്ച ആദ്യത്തെ സർക്കാർ സ്ഥാപനമായ കൈല, വിവിധ പരിശീലന പരിപാടികൾ മുഖേന ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
പി.എൻ.എക്സ്. 948/2026
- Log in to post comments