Skip to main content

മാന്നാർ പഞ്ചായത്തിൽ നടന്നത് വികസന പെരുമഴ: മന്ത്രി സജി ചെറിയാൻ

*കുട്ടമ്പേരൂർ ഫാമിലി വെൽഫെയർ സബ് സെന്റർ കെട്ടിട ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

കഴിഞ്ഞ 10 വർഷമായി മാന്നാർ പഞ്ചായത്തിൽ വികസന പെരുമഴയാണ് നടക്കുന്നതെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടമ്പേരൂർ ഫാമിലി വെൽഫെയർ സബ് സെന്റർ കെട്ടിട ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാന്നാർ പഞ്ചായത്തിലെ 95 ശതമാനം വീടുകളിലും കുടിവെള്ളമെത്തിക്കാൻ സാധിച്ചു. എല്ലാ പിഡബ്ല്യൂഡി റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലെത്തി. 80 ശതമാനം പഞ്ചായത്ത് റോഡുകളും യാഥാർഥ്യമായി. വില്ലേജ് ഓഫീസുകൾ പൂർണ്ണമായി പുതിയ കെട്ടിടത്തിലേക്ക് മാറിയതായും പഞ്ചായത്തിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കും പണം അനുവദിച്ചതായും മന്ത്രി പറഞ്ഞു. 

അര നൂറ്റാണ്ടിലേറെയുള്ള കാലപ്പഴക്കത്താൽ ശോചനീയാവസ്ഥയിലായിരുന്ന മാന്നാർ കുട്ടമ്പേരൂർ ഫാമിലി വെൽഫെയർ സബ് സെന്ററിന് മന്ത്രി സജി ചെറിയാൻ അനുവദിച്ച 42 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 

ഉദ്ഘാടന ചടങ്ങിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പഴവൂർ, മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ലത, സ്ഥിരംസമിതി അധ്യക്ഷരായ എസ് ചന്ദ്രകുമാർ, പുഷ്പ സുനിൽ, പഞ്ചായത്തംഗങ്ങളായ ജി സുശീല കുമാരി, ലേഖനകുമാരി, ഷൈന നവാസ്, ജയ വി കൃഷ്ണൻ, ആർ ശ്യാമളവല്ലി, ശോഭന സന്തോഷ്, തോമസ് ചാക്കോ, കെ മായ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date